ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ അച്ഛന്റെ വഴിയേ മകനും

single-img
28 July 2015

2015july29beljith_sing

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീകരരുമായുള്ള പോരാട്ടത്തില്‍ പിതാവ് കൊല്ലപ്പെട്ടപ്പോള്‍ ആശ്രിത നിയമനമായി കിട്ടിയ പോലീസ് ജോലി തന്റെ രാജ്യത്തിന് വേണ്ടി ഉപയോഗിച്ച് മകന്‍ ബല്‍ജിത് സിംഗും ജീവന്‍ ബലി നല്‍കി. ബല്‍ജിത് സിംഗിന്റെ പിതാവും മുപ്പതു വര്‍ഷം മുമ്പു ഭീകരരുടെ ആക്രമണത്തിനിരയായി ജീവന്‍ ശവടിഞ്ഞതിനെ തുടര്‍ന്നാണ് ബല്‍ജിത് പോലീസ് സേനയില്‍ എത്തിയത്. ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പോലീസ് സൂപ്രണ്ട് (ഡിറ്റക്ടീവ്) ബല്‍ജിത് ഉള്‍പ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളായ നാലു പേരും കൊല്ലപ്പെട്ടു.

1984ലാണു ബല്‍ജിത് സിംഗിന്റെ പിതാവ് സബ് ഇന്‍സ്‌പെക്ടര്‍ അച്ഹര്‍സിംഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പഞ്ചാബില്‍ തീവ്രവാദികള്‍ പിടിമുറുക്കിയിരുന്ന കാലമായിരുന്നു അത്. അദ്ദേഹം സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പിനുനേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ വാഹനം പാടേ തകര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നു.

ആശ്രിതനിയമനമായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബല്‍ജിത് സിംഗ് അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടറായി പോലീസില്‍ ചേര്‍ന്നു. ഓഫീസറായശേഷം ഫഗ്‌വാരയിലും വിജിലന്‍സിന്റെ മന്‍സ യൂണിറ്റിലും ചുമതല വഹിച്ചതിനു ശേഷം 7ഐആര്‍ബി ബറ്റാലിയനില്‍ ഡെപ്യൂട്ടി കമന്‍ഡാന്റ് ആയി.

ബല്‍ജിത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത് ഹൃദ്രോഗിയായ ഭാര്യ കുല്‍വന്ത് കൗറിനെ ആദ്യം അറിയിക്കാന്‍ ബന്ധുക്കള്‍ മടിച്ചു. മനീന്ദര്‍ സിംഗ് (24), പര്‍മീന്ദര്‍ കൗര്‍(22), രവിന്ദര്‍കൗര്‍(20) എന്നിവരാണ് ബല്‍ജിത്തിന്റെ മക്കള്‍. ഇന്നു കപൂര്‍ത്തലയിലുള്ള വസതിയില്‍ ബല്‍ജിത് സിംഗിന്റെ മൃതദേഹം എത്തിക്കും.