രാജ്യത്തിന്റെ പ്രഥമപൗരനായിട്ടും വിളമ്പിക്കൊടുത്ത കൈകളെ മറക്കാത്ത കലാമിനെ പരമേശ്വരന്‍ നായര്‍ ഇന്നും ഓര്‍ക്കുന്നു

single-img
28 July 2015

Parameswaran Nairഅനന്തപുരിയെ തന്റെ ജീവനോളം പ്രണയിച്ചിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ ഓര്‍മ്മകളില്‍ എന്നും തങ്ങിനിന്ന രണ്ടിടങ്ങളായിരുന്നു തിരുവനന്തപുരം ഗാന്ധാരിഅമ്മന്‍ കോവിലിന് സമീപത്തെ ഗുരുവായൂരപ്പന്‍ ഹോട്ടലും പുളിമൂട്ടിലെ ഇന്ദ്രഭവന്‍ ലോഡ്ജും. മറക്കാനാവാത്ത മുഖം ഹോട്ടലുടമ പരമേശ്വരന്‍ നായരുടേയും. 1960 കളുടെ ഒടുവില്‍ രാജ്യത്തിന്റെ പുരോഗതി സ്വപ്‌നം കണ്ട് സാക്ഷാല്‍ ഡോ. വിക്രം സാരാഭായിയുടെ ക്ഷണം സ്വീകരിച്ച് രാമേശ്വരത്ത് നിന്നും തിരുവനന്തപുരത്ത് ടിഇആര്‍എല്‍എസില്‍ (ഐഎസ്ആര്‍ഒ യുടെ പഴയപേര്) എത്തിയ അബ്ദുള്‍ കലാം താമസിച്ചിരുന്നത് പുളിമൂട്ടിലെ ഇന്ദ്രഭവന്‍ ലോഡ്ജിലായിരുന്നു.

തികച്ചും സസ്യയുക്കായ കലാം ഭക്ഷണം കഴിച്ചിരുന്നത് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സസ്യ ആഹാര ശാലയില്‍ നിന്നായിരുന്നു. മുസ്ലീം ബ്രാഹ്മണന്‍ എന്ന് കൂട്ടുകാര്‍ കളിയാക്കി വിളിച്ചിരുന്ന കലാം പിന്നീടാണ് ഹോട്ടല്‍ ഗുരുവായൂരപ്പനിലേക്ക് എത്തുന്നത്. തികച്ചും വെജിറ്റേറിയന്‍ ഹോട്ടലാനയിരുന്നു അതെന്നുള്ളതായിരുന്നു കാരണം.

അന്നും വേഷവിധാനത്തിലും പെരുമാറ്റത്തിലും വ്യത്യസ്ഥനായിരുന്നു കലാം. നീട്ടി വളര്‍ത്തിയ മുടിയും സാധാരണ ആളുകള്‍ ധരിക്കാത്ത പാന്റ്‌സും സ്യൂട്ടുമിട്ട് വരുന്ന കലാമിന്റെ രൂപം പരമേശ്വരന്‍ നായരുടെ മനസ്സില്‍ ഇന്നുമുണ്ട്. രാവിലെ രണേ്ടാ മൂന്നോ അപ്പവും ഒരു ഗ്ലാസ് പാലും, രാത്രിയില്‍ രണ്ട് ചപ്പാത്തിയും ഒരു ഗ്ലാസ് പാലും മാത്രം ദിവസഭക്ഷണമായി കഴിക്കുന്ന അദ്ദേഹം അന്ന് പരമേശ്വരന്‍ നായര്‍ക്കും ഒരത്ഭുതമായിരുന്നു.

ഒഴിവു ദിവസങ്ങളില്‍ മാത്രം ഉച്ചഭക്ഷണം കഴിക്കുന്ന ശീലം കലാമിനുണ്ടായിരുന്നതായി എണ്‍പത്തിയെട്ടുകാരനായ പരമേശ്വരന്‍ നായര്‍ക്ക് ഓര്‍മ്മയുണ്ട്. അന്നു കണ്ട അതേ അതേ കലാമിനെയാണു രാഷ്ട്രപതിയായിരുന്നപ്പോഴും താന്‍ കണ്ടതെന്നും അക്കാലത്തെ വിനയത്തിന്റെ അടയാളം ഒരിക്കലും അദ്ദേഹത്തിന്റെ മുഖത്തു നിന്നും മാഞ്ഞിട്ടില്ലെന്നും പരമേശ്വരന്‍നായര്‍ പറയുന്നു.

കലാം രാഷ്ട്രപതി ആയപ്പോള്‍ പരമേശ്വരന്‍ നായര്‍ക്ക് അദ്ദേഹത്തെ കാണാന്‍ മോഹം തോന്നി രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി പരമേശ്വരന്‍ നായര്‍ക്ക് കലക്ടറുടെ ഓഫിസില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നു.എറണാകുളത്തെ താജ് ഹോട്ടലില്‍ ഒരു പരിപാടിയില്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പരമേശ്വരന്‍ നായരെ കാണണം എന്നും പറഞ്ഞു. രാജ്ഭവനില്‍നിന്ന് എത്തിയ വാഹനത്തില്‍ പരമേശ്വരന്‍ നായര്‍ കൊച്ചിയിലേക്ക് പോയി പഴയ തന്റെ കൂട്ടുകാരനെ കാണുന്ന അതേ ഇടപെടലോടെ കലാമിനെ കണ്ടു.