പകരമാവില്ല മറ്റൊന്നും, അവസാന ശ്വാസം വരെ സ്വന്തം രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി ചിന്തിച്ച ആ വ്യക്തിത്വത്തിന്

single-img
28 July 2015
President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ അബ്ദുള്‍ കലാം: മഹത്തായ പാരമ്പര്യമുള്ള ഭാരതത്തെ സ്വപ്നങ്ങളുടെ അഗ്നിച്ചിറുകളിലേറി പറക്കാന്‍ പ്രേരിപ്പിച്ച ജനകീയനായ രാഷ്ട്രപതി. 2015 ജൂലൈ 27 ന് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് മഹാനായ ആ മാര്‍ഗ്ഗദര്‍ശിയെയായിരുന്നു. കാലങ്ങള്‍ കാത്തിരുന്നാലും ആ ഒരു നഷ്ടം ഇന്ത്യക്കാരുടെ മനസ്സില്‍ അതേ വ്യാപ്തിയില്‍ തന്നെ നിലനില്‍ക്കും. കാരണം അത്രയേറെ ഈ രാജ്യവും ജനങ്ങളും ആ ഒരു വ്യക്തിത്വത്തെ സ്‌നേഹിക്കുന്നു.

രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റിലായിരുന്നു പില്‍ക്കാലത്ത് രാജ്യം മിസൈല്‍ വിദഗ്ധനെന്ന് പേര് ചൊല്ലിവിളിച്ച ഡോ.എ.പി.ജെ അബ്ദുള്‍ കലാം പിറന്നത്. പ്രതിബന്ധങ്ങളോടു പടവെട്ടി ഔദ്യോഗിക വിദ്യാഭ്യാസമേതുമില്ലാത്ത മാതാപിതാക്കളുടെ മകനായി ജീവിച്ച് രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ച് മറ്റൊരു ലോകാത്ഭുതമാണ്. പട്ടിണികിടന്ന ബാല്യത്തില്‍ ക്ഷേത്ര നഗരമായ രാമേശ്വരത്ത് അതിരാവിലെ ദിനമണി പത്രം വിതരണം ചെയ്ത് ജീവിച്ച ഒരു ബാലന്‍ നടന്നു കയറിയ വഴികള്‍ അതങ്ങനെതന്നെയെന്ന് തെളിയിക്കുന്നു.

അന്നത്തെ മദിരാശിയില്‍ നിന്നു ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയില്‍ ട്രെയിനില്‍ രാമേശ്വരം സ്‌റ്റേഷനിലെത്തുന്ന പത്രകെട്ടുകള്‍ ചുമന്ന് വീടുകളിലെത്തിച്ചശേഷം കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടി പഠിക്കുവാന്‍ പോയ ഒരു ബാലന്‍. ആഴ്ചയിലൊരിക്കല്‍ വളരെയകലെയുള്ള മദ്രസയില്‍ പോയി അറബി ഭാഷ പഠിച്ചിരുന്ന ഈ ബാലന്‍ പില്‍ക്കാലത്ത് രാജ്യത്തെ ഒന്നാമെത്ത പൗരനായി മാറിയപ്പോഴും തന്റെ വിനയവും എളിമയും കൈവിടാത്തതും ആ അടിസ്ഥാനമുള്ളതിനാലാണ്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പുരോഗതിക്കായി ഇത്രയധികം സ്വപ്‌നം കണ്ട മറ്റൊരു ഭരണാധികാരി ഈ രാജ്യത്ത് ജീവിച്ചിരുന്നോ എന്നുള്ള കാര്യം സംശയമാണ്. 2002 ല്‍ മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കലാം ഇന്ത്യ2020 എന്ന തന്റെ പുസ്തകത്തില്‍ 2020 ല്‍ ഇന്ത്യയെ വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗങ്ങളും ദര്‍ശനങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ജീവനും വര്‍ണ്ണവും നല്‍കി ഉയര്‍ത്തിവിട്ട അദ്ദേഹം അവസാന ശ്വാസംവരെയും സമര്‍പ്പിച്ചത് സ്വന്തം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരുന്നു. സാങ്കേതികവിദ്യാ വിദഗ്ധനെന്നതിലുപരി രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ജനഹൃദയങ്ങളില്‍ സൃഷ്ടിച്ച മുറിവ് കാലങ്ങളേറെ ഉണങ്ങാതെ വേദനപൊഴിക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.