റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ ജില്ലയിലെ ആംബുലന്‍സുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രക്ഷാ പദ്ധതി നടപ്പിലായിക്കഴിഞ്ഞു

single-img
27 July 2015

102

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ ജില്ലയിലെ ആംബുലന്‍സുകളെ ഏകീകൃത സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന ‘രക്ഷ’ പദ്ധതി നടപ്പിലായി. പദ്ധതിയുടെ ഗുഡ് വില്‍ അംബാസിഡറായി നടന്‍ ജയസൂര്യയെ തിരഞ്ഞെടുത്തു.

ഇനി മുതല്‍ അപകടം പറ്റുന്ന ആര്‍ക്കും ആംബുലന്‍സിനായി 102 ല്‍ വിളിച്ചാല്‍ .മൂന്ന് മിനിട്ടിനുള്ളില്‍ ആംബുലന്‍സ് അവിടെ എത്തിയിരിക്കും. ‘രക്ഷ’ ആംബുലന്‍സ് എന്ന പ്രസ്തുത നന്മയുടെ പദ്ധതിയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൃദയദാനത്തിന് അനുമതി നല്‍കിയ ശര്‍മയുടെ കുടുംബത്തിനും ആംബുലന്‍സ് ഡ്രൈവര്‍ ആന്റണി, പോലീസ് ഡ്രൈവര്‍ ജാക്‌സണ്‍ എന്നിവര്‍ക്കും ജയസൂര്യ നന്ദി പറഞ്ഞു. സാധാരണക്കാരായ ഒരുപാട് ആളുകള്‍ക്ക് ഈ പദ്ധതിമൂലം വളരെയേറെ സഹായം ലഭിച്ചേക്കാമെന്നും ജയസൂര്യ പ്രതീക്ഷ പങ്കുവെച്ചു.

ആവശ്യക്കാര്‍ 102 ല്‍ വിളിക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമിലിരിക്കുന്ന ആളുകള്‍ ജി പി എസ് വഴി എത്ര ആംബുലന്‍സ് ആ പരിസരങ്ങളില്‍ ഉണ്ടെന്ന് നോക്കി മെസേജ് പാസ് ചെയ്യുകയും വിളിക്കുന്ന ഭാഗത്തേക്ക്, ഒരു മൂന്നു മിനിറ്റ് കൊണ്ട് ആംബുലന്‍സ് എത്തിക്കുകയും ചെയ്യും. പാലക്കാട് ,കോഴിക്കോട്,കണ്ണൂര്‍ ,മലപ്പുറം ,വയനാട് ,കൊച്ചി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രക്ഷ പദ്ധതി നിലവിലുള്ളത്. താമസിയാതെ ഈ പദ്ധതി കേരളം മുഴുവന്‍ വ്യാപിപപ്പിക്കാനാണ് ശ്രമം.