ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് ഓട്ടോ കിട്ടാതെ വിഷമിച്ച അനുഭവം ഷീബയ്ക്കുണ്ടായിരുന്നു; അതുകൊണ്ടുതന്നെയാണ് ആവശ്യക്കാര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ കേരളത്തിലെ ഓട്ടോക്കാരുടെ നമ്പര്‍ സ്വരൂപിച്ച് ‘ഏയ് ഓട്ടോ’ എന്ന ആപ്ലിക്കേഷനിറക്കി ഈ വീട്ടമ്മ വ്യത്യസ്തയായതും

single-img
27 July 2015

subi-family

ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിനി ഷീബ നെച്ചിയില്‍ ജനങ്ങള്‍ക്കായി ഇറക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് ഏയ് ഓട്ടോ. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് ഒരു ഓട്ടോ കിട്ടാതെ വന്നപ്പോഴാണ് ഷീബയുടെ മനസ്സില്‍ ഇങ്ങനെയൊരാശയം ഉദിച്ചത്.

ഇതിനായി ഭര്‍ത്താവായ സുബി ലാലിന്റെ പൂര്‍ണ്ണ സഹകരണവും ഷീബയ്ക്ക് കിട്ടി. കേരളത്തിലുടനീളമുള്ള സ്ഥലങ്ങളില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ മൊബൈല്‍ നമ്പര്‍ സുബിലാല്‍ തന്നെ സ്വരൂപിച്ച് ഷീബയ്ക്ക് കൈമാറി. ഈ ആപ്ലിക്കേഷന്‍ വഴി ഏതൊരു സ്ഥലത്തുമുള്ള ഒരു ഓട്ടോ ഡ്രൈവറെയും നമുക്ക് വിളിക്കാന്‍ കഴിയും. ആ നമ്പരില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി.

ഓട്ടോ വിളിക്കല്‍ മാത്രമല്ല ഈ ആപ്ലിക്കേഷന്‍ വഴി ചെയ്യാന്‍ കഴിയുന്നത്. അപകട സന്ദര്‍ഭങ്ങളില്‍ പോലീസിനെ വിളിക്കാനും മെസ്സേജ് അയക്കാനും ഈ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. ഇത് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് നിര്‍ബന്ധമില്ല എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുതന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Aey auto എന്ന് ടൈപ്പ് ചെയ്താന്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.