ഇന്ന് കാര്‍ഗില്‍ വിജയദിനം; കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി ജീവൻ നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങൾ

single-img
26 July 2015

received_906307309433543

ഇന്ന് കാര്‍ഗില്‍ വിജയദിനം. നമ്മുടെ സ്വന്തം മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാകിസ്ഥാന്‍ സൈന്യത്തേയും തീവ്രവാദികളെയും ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ദിനം. പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ വിജയ് ആഞ്ഞടിച്ചപ്പോള്‍ ലോകത്തിനു മുന്നില്‍ നാണംകെട്ട തോല്‍വിയുമായി പാകിസ്ഥാന്‍ പകച്ചു നിന്നു.

 

വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാന്റെ കടന്നുകയറ്റം. 1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍കാര്‍ഗില്‍ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേക്ക് പതിയെപ്പതിയെ നടന്നടുത്ത പാകിസ്ഥാന്‍ പട്ടാളം അതിര്‍ത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്.

 

സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് ശക്തമായ മറുപടിയോടെയായിരുന്നു ഇന്ത്യ പ്രതികരിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടു. ഒടുവില്‍ ശക്തമായ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതില്‍കൂടുതലും വിട്ട് പിന്‍മാറുകയായിരുന്നു. 1999 ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു.

 

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാജ്യസ്‌നേഹികളായ 527 ധീരജവാന്‍മാരെയാണ്. ഭീകരമായ നാശം സംഭവിച്ച പാകിസ്ഥാന്‍ സൈന്യം എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. പാകിസ്ഥാന്‍ കുറ്റം മുഴുവനും തീവ്രവാദികളിലായിരുന്നു ചാര്‍ത്തിയത്. എന്നാല്‍ പില്‍ക്കാലത്ത് കാര്‍ഗില്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍മാര്‍ പാകിസ്ഥാന്‍ സൈന്യമാണെന്നു തെളിഞ്ഞു.

 

കാര്‍ഗില്‍ യുദ്ധ സമയത്തെ സേന തലവനും പില്‍ക്കാലത്ത് പാകിസ്ഥാന്‍ ഭരണാധികാരിയുമായ പര്‍വേസ് മുഷറഫ്, അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ജാവേദ് ഹസന്‍, റാവല്‍പിണ്ടി ആസ്ഥാനമായുള്ള പത്താം ബറ്റാലിയന്റെ കമാന്‍ഡര്‍ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ മഹമ്മൂദ് അഹമ്മദ് എന്നിവരുടെ സംയുക്ത ഗൂഡാലോചനയുടെ ഫലമായിരുന്നു കാര്‍ഗിലില്‍ നടപ്പാക്കി തിരിച്ചടി ഏറ്റുവാങ്ങിയതും പാകിസ്ഥാന്‍ എന്ന രാജ്യത്തെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെടുത്തിയതുമായ കാര്‍ഗില്‍ യുദ്ധം. തങ്ങള്‍ക്ക് വെറും 450 സൈനികരെ നഷ്ടപ്പെട്ടുവെന്നായിരുന്നു പാകിസ്ഥാന്റെ വാദമെങ്കിലും യാഥാര്‍ത്ഥ്യം അതിലും എത്രയോ മടങ്ങ് കൂടുതലായിരുന്നുവെന്നുള്ളത് ലോകരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

 

അന്നുമുതല്‍ കാര്‍ഗിലില്‍ വിജയം കുറിച്ച ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ഇന്ത്യ ആചരിക്കാന്‍ തുടങ്ങി. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ച് രാജ്യം ആ ഓര്‍മ്മ പുതുക്കുന്നു.