പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനങ്ങള്‍ ബഹളത്തില്‍ മുങ്ങി നടക്കാതെ വരുന്നതിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് 260 കോടി രൂപ; തീരുമാനമാകാതെ കിടക്കുന്നത് 11 ബില്ലുകള്‍

single-img
25 July 2015

article-2090800-116C63FC000005DC-858_468x375

ആരോപണ വിധേയരായ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രണ്ടു ബിജെപി മുഖ്യമന്ത്രിമാരും രാജിവയ്ക്കണമെന്ന പ്രതിപക്ഷാവശ്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ ഭരണപക്ഷം നില്‍ക്കുമ്പോള്‍ ദേശീയ ഖജനാവിന് നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപ. മഴക്കാല സമ്മേളനത്തിനായി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായി തടസപ്പെട്ട് ഭരണപരമായി വീഴ്ചകള്‍ വരുത്തുന്നതിലൂശട രാജ്യത്തിന് സംഭവിക്കുന്ന നഷ്ടം ശതകോടികളാണെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ രാജിയില്ലെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തതോടെ നിലവില്‍ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. സമ്മേളനം തടസ്സപ്പെട്ടാല്‍ ദേശീയ ഖജനാവിന് നഷ്ടം വരുന്നത് 260 കോടി രൂപയാണ്. ലോക്‌സഭ സമ്മേളനം തടസപ്പെടുന്നതിലൂടെ 162 കോടി രൂപയും രാജ്യസഭാ സമ്മേളനം തടസ്സപ്പെടുന്നതിലൂടെ 98 കോടി രൂപയുടെ നഷ്ടമാണുണ്ടാവുക.

ഒരു മണിക്കൂര്‍ ലോക്‌സഭാ സമ്മേളിക്കുമ്പോള്‍ 1.5 കോടി രൂപയും രാജ്യസഭയ്ക്ക് 1.1 കോടി രൂപയുമാണ് ഖജനാവില്‍ നിന്ന് ചെലവാകുന്നത്. ഈ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്ന 11 ബില്ലുകളാണ് ബഹളം മൂലം തീരുമാനമാകാതെ കിടക്കുന്നത്. ഈ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത് ഏകദേശം ഒന്‍പത് ബില്ലുകളുമാണ്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിച്ച് നാലു ദിവസമായെങ്കിലും ഇതുവരെ 91 ശതമാനം സമ്മേളന സമയവും ബഹളം മൂലം പാഴാകുകയായിരുന്നു.