ഹാജരില്ലാത്തതിനാല്‍ ജനുവരിയില്‍ നീക്കം ചെയ്ത വിദ്യാര്‍ത്ഥിയുടെ പിതാവ് മകനെ ജാതിപ്പേര് വിളിച്ചുവെന്ന് കാട്ടി ആറു മാസത്തിനുശേഷം നല്‍കിയ പരാതിയില്‍ വികലാംഗനായ ഗവ.ഐ.റ്റി.ഐ.യിലെ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
22 July 2015

ITI-Aryanad

ഹാജരില്ലാത്തതിനാല്‍ ജനുവരിയില്‍ നീക്കം ചെയ്ത വിദ്യാര്‍ത്ഥിയുടെ പിതാവ് മകനെ ജാതിപ്പേര് വിളിച്ചുവെന്ന് കാട്ടി ആറു മാസത്തിനുശേഷം നല്‍കിയ പരാതിയില്‍ വികലാംഗനായ ആര്യനാട് ഗവ.ഐ.റ്റി.ഐ.യിലെ പ്രിന്‍സിപ്പല്‍ ആര്‍. സുധാ ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് അദ്ധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഐ.റ്റി.ഐ.വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാവസായിക പരിശീലനത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറാണ് 20ന് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.

ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ 2015 ജനവരിയില്‍ ഐ.റ്റി.ഐ.യിലെ വിദ്യാര്‍ഥികളുടെ റോളില്‍ നിന്ന് പേര് നീക്കം ചെയ്ത ഒരു വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താവാണ് തന്റെ മകനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് കാട്ടി ാറുമാസങ്ങള്‍ക്ക് ശേഷം ജൂലായ് എട്ടിന് വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം ആരായുകയോ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യാതെ അഡീഷണല്‍ ഡയറക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട പോലീസ് അധികൃതര്‍ക്ക് കൈമാറണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. വകുപ്പില്‍ പുതിയ ഡയറക്ടര്‍ ചാര്‍ജ് എടുക്കുന്നതിന് തലേദിവസം സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത് ദുരൂഹതയുണ്ടാക്കുന്നതായി ജീവനക്കാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഡയറക്ടറേറ്റിന്റെ നിലപാടറിയാന്‍ വിളിച്ച ഇ-വാര്‍ത്ത ലേഖകനോട് ഇതു സംബന്ധിച്ച ഒരു വിവരവും വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

സസ്‌പെന്‍ഷന്‍ ഓര്‍ഡറിനു പിന്നാലെ കൊല്ലം വനിതാ ഐ.റ്റി.ഐ.യിലെ പ്രിന്‍സിപ്പലിനെ ആര്യനാട് ഐ.റ്റി.ഐ.യില്‍ പുതിയ പ്രിന്‍സിപ്പലായി നിയമിക്കുകയാണ് ചെയ്തിരിക്കുന്നത്.