പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ പി. രാമകൃഷ്ണന്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് ഒന്നരക്കോടി രൂപ

single-img
22 July 2015

p-ramakrishnan

പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ പി. രാമകൃഷ്ണന്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് ഒന്നരക്കോടി രൂപയാണെന്ന് സി.ബി.ഐ. ഈ അനധികൃതസാമ്പാദ്യത്തിന്റെ വിവരം സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തു. സിബിഐ പ്രത്യേക കോടതി മുന്‍പാകെ ഹാജരാക്കിയ രാമകൃഷ്ണനെയും രണ്ടാം പ്രതിയായ പാസ്‌പോര്‍ട്ട് ഏജന്റ് അബ്ദുല്‍ അമീറിനെയും റിമാന്‍ഡ് ചെയ്തു.

സി.ബി.ഐ കണ്ടെത്തിയ രാമകൃഷ്ണന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തില്‍ 15 ലക്ഷം രൂപ മാതാവിന്റെ പേരിലാണു നിക്ഷേപിച്ചത്. ഇയാളുടെ കണ്ണൂര്‍ തളാപ്പ് എകെജി ആശുപത്രിക്കു സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15.60 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായും സി.ബി.ഐ അറിയിച്ചു.

ഇയാളുടെ മലപ്പുറത്തെ താമസസ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി 66,000 രൂപയും ഇടനിലക്കാരന്‍ അബ്ദുല്‍ അമീറിന്റെ മലപ്പുറത്തെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 20,000 രൂപയും ഒട്ടേറെ പാസ്‌പോര്‍ട്ടുകളും കണ്ടെടുത്തിരുന്നു. രാമകൃഷ്ണന്‍ കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും അടുത്ത ബന്ധുക്കളുടെ പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

അനധികൃതമായി സ്വരൂപിച്ച പണം കണ്ണൂരിലെ പോസ്റ്റല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നിക്ഷേപ പദ്ധതികളിലാണ് നിക്ഷേപിക്കുയും രാമകൃഷ്ണന്റെ വീട്ടില്‍ നമ്പര്‍ ലോക്കുള്ള സ്യൂട്ട് കേസിനുള്ളില്‍ കവറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും ആഭരണങ്ങള്‍ക്കു പുറമേ ധാരാളം സ്വര്‍ണനാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്.