അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഒന്നും രണ്ടും വയസ്സുള്ള സാന്ദ്രയ്ക്കും സ്‌നേഹയ്ക്കുമായി ഒരു എഴുപത്തിയഞ്ച് വയസ്സുകാരനായ റിട്ട പോലീസുകാരന്റെ സ്‌നേഹകരുതല്‍

single-img
21 July 2015

Abraham

അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ഇടുക്കി കരിമ്പന്‍ കുട്ടപ്പന്‍സിറ്റി ഇലവുംചുവട്ടില്‍ ചന്ദ്രന്റെ ഒന്നും രണ്ടുംവയസ്സുള്ള കൊച്ചുമക്കള്‍ക്ക് കുരിശിങ്കല്‍ എബ്രഹാമിന്റെ കരുതല്‍ നിക്ഷേപം. നിര്‍ധനരായ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തണലില്‍ കഴിയുന്ന ബാലികമാര്‍ക്ക് റിട്ട.പോലീസുകാരനും ഒളിമ്പ്യന്‍ ഷൈനി വില്‍സന്റെ പിതാവുമായ എബ്രാഹാം (75) തന്റെ പെന്‍ഷതുക മിച്ചംപിടിച്ചാണ് ഒരുലക്ഷംരൂപ ബാങ്കില്‍ നിക്ഷേപിച്ചത്.

എബ്രാഹവും ഭാര്യ അന്നമ്മയും കുട്ടികളുടെ ബുദ്ധിമുട്ടുകണ്ട് നിശ്ചിതതുക പ്രതിമാസം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എബ്രാഹമിന്റെ പെന്‍ഷന്‍തുകയില്‍നിന്ന് ജില്ലാ സഹകരണബാങ്കില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട സാന്ദ്ര(1), സ്‌നേഹ(2) എന്നിവരുടെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച് ഇതിന്റെ പലിശ പ്രതിമാസം കുട്ടികളുടെ ചെലവിനായി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുക അവര്‍ക്ക് വിനിയോഗിക്കുകയും ചെയ്യാം.

ഇതിനായി എബ്രാഹം വിവിധ ബാങ്കുകള്‍ കയറിയിറങ്ങിയെങ്കിലും മാസാഞമാസം കുട്ടികള്‍ക്ക് പലിശ എത്തിച്ചുനല്‍കാന്‍ ഒരു ബാങ്കും തയ്യാറായിരുന്നില്ല. ഒടുവില്‍ ജില്ലാസഹകരണബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേഷ് ഇക്കാര്യമറിയുകയും എബ്രാഹമിന്റെ തീരുമാനത്തെ സ്വാഗതംചെയ്ത് ഈ സത്കര്‍മ്മത്തിനായി ബാങ്കിലെ ജീവനക്കാരുടെ ഒരു വിഹിതംകൂടി കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു.

കുട്ടികളുടെ അമ്മ ആശയെയും ഭര്‍ത്താവ് ശ്രീലജനെയും വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആശയുടെ വീടിനുസമീപം കണ്ടെത്തുകയും തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വെച്ച് ആശ മരണപ്പെടുകയുമായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവും ഭാര്യയും ആത്മഹത്യയ്ക്ക് തയ്യാറെടുക്കുകയും ഒടുവില്‍ ഭാര്യ വിഷം കഴിച്ച ശേഷം ഭര്‍ത്താവ് ഒഴിവാകുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.

ഇവരുടെ ആദ്യകുട്ടിക്ക് ഒരു വയസ്സും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളിലുമാണ് ആശ മരിക്കുന്നത്. ആദ്യവിവാഹത്തിലെ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച ശ്രീലജന്‍ വിവരം മറച്ചുവച്ച് ആദിവാസിയായ ആശയെ സ്‌നേഹിച്ച് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവത്തിനു ശേഷം ശ്രീലജന്‍ അപ്രത്യക്ഷനാകുകയും ചെയ്തു.