സിഗ്നല്‍ തെറ്റിച്ച് ചീറിപ്പാഞ്ഞ മന്ത്രി കെ. ബാബുവിനെതിരെ അതൃപ്തി പ്രകടിപ്പിച്ച ബൈക്ക് യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു

single-img
20 July 2015

K_BABU

സിഗ്നല്‍ സംവിധാനത്തിന്റെ ഉത്ഘാടന ദിവസം തന്നെ സഗിന്ല്‍ തെറ്റിച്ച് കടന്നുപോയ മന്ത്രിയുടെ യാത്രയെ ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. എം.എസ്.എം കോളജിന് സമീപം താമസിക്കുന്ന യുവാവാണ് മന്ത്രി കെ. ബാബുവിന്റെ ട്രാഫിക് നിയമലംഘനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചതിന്റെ പേരില്‍ സ്‌റ്റേഷന്‍ കയറിയത്.

ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായ നാല് റോഡുകളുടെ സംഗമ സ്ഥാനമായ കായംകുളം ഒ.എന്‍.കെ ജങ്ഷനില്‍ സിഗ്‌നല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെയായിരുന്നു നിര്‍വ്വഹിക്കപ്പെട്ടത്. എന്നാല്‍ സിഗ്നലിലെ സമയക്രമീകരണത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ആദ്യദിവസം ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായിരുന്നു. ഇവിടെയാണ് ഞായറാഴ്ച വൈകുന്നേരം മന്ത്രി ബാബുവിന്റെ വാഹനം സിഗ്‌നല്‍ ലംഘിച്ച് കടന്നുപോയത്.

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ എത്തിയ മന്ത്രിയുടെ വാഹനം ചുവന്ന ലൈറ്റ് തെളിഞ്ഞ് നിന്നിട്ടും നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു. ഇത് കണ്ടാണ് ബൈക്കില്‍ നിന്ന യുവാവ് അസംതൃപ്തി പ്രകടിപ്പിച്ചത്. മന്ത്രിയുടെ ഡ്രൈവറോട് നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ശരിയാണോയെന്ന് ചോദിച്ച യുവാവ് കാറിന്റെ പിറകിലിരുന്ന മന്ത്രിയെ കണ്ട് സാര്‍ ഇതിനകത്തുണ്ടായിട്ടാണോ ഇത്തരത്തിലുള്ള നിയമലംഘനം നടക്കുന്നത് ചോദിച്ചു. അവിടെവെച്ച് യുവാവിനെ തൊഴുതു കാണിച്ച മന്ത്രിയേയും കൊണ്ട് വാഹനം മുന്നോട്ട് തന്നെ പോകുകയായിരുന്നു.

ഈ സമയം മന്ത്രിയുടെ ഗണ്‍മാന്‍ യുവാവിന്റെ വാഹന നമ്പര്‍ കുറിച്ച് പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പൊലീസ് യുവാവിന്റെ വീട്ടിലത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ജനക്കൂട്ടം തടിച്ചുകൂടിയതോടെ പൊലീസ് എന്തുചെയ്യണമെന്നറിയാതഌത അവസ്ഥയിലായി.

മന്ത്രിയുടെ നിയമലംഘനം ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിനെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ മാത്രമുള്ള കുറ്റം എന്താണെന്ന് വിശദീകരിക്കാനാകാതെ രാത്രി എട്ട് മണിയോടെ യുവാവിനെ പോലീസ് വിട്ടയക്കുകയായിരുന്നു.