അമൃത എന്ന പെണ്‍കുട്ടി; വീടിനു മുന്നിലെ തോട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒഴുകിപ്പോയ അനയ എന്ന രണ്ടു വയസ്സുകാരിയെ കനത്ത മഴ വകവയ്ക്കാതെ കൂടെയോടി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷപ്പെടുത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി

single-img
20 July 2015

anaya

പട്ടുവം വടക്കേക്കാവിനു സമീപം താമസിക്കുന്ന തൃഛംബരം യുപി സ്‌കൂള്‍ വിദ്യാര്‍ഥിനി അമൃത ഗോപാലകൃഷ്ണന്‍ ഇന്ന് മാന്ധംകുണ്ട് ഗ്രാമത്തിന്റെ പെന്നോമനയാണ്. അവളുടെ മനോധൈര്യത്തില്‍ രണ്ടാം ജനമം കിട്ടിയ സന്തോഷത്തിലാണ് അനയ എന്ന രണ്ടുവയസ്സുകാരിയും കുട്ടിയുടെ ബന്ധുക്കളും. വീടിനു മുന്നിലെ തോട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒഴുകിപ്പോയ അനയ എന്ന രണ്ടു വയസ്സുകാരിയെ കനത്ത മഴ വകവയ്ക്കാതെ അയല്‍വീടുകളില്‍ ഓടിയെത്തി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷപ്പെടുത്തിയ അമൃതയെ എത്ര പ്രശംസിച്ചിട്ടും നാട്ടുകാര്‍ക്ക് മതിവരുന്നില്ല.

മഴപെയ്ത് കുത്തിയൊഴുകുന്ന തോട് കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അമൃത ഒരു പാവയുടേതാണെന്ന് തോന്നിപ്പിക്കുന്ന കൈ വെള്ളത്തിന് മീതെ ഒഴുകിപ്പോകുന്നത് കണ്ടത്. ആദ്യം അവള്‍ പാവയാണെന്നു തന്നെ കരുതി. എന്നാല്‍ കൈ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അത് ഒരു കുട്ടിയാണെന്ന് മനസ്സിലായത്.

പിന്നൊന്നും ആലോചിക്കാതെ, ആ കനത്ത മഴയേയും വകവയ്ക്കതെ അമൃത നിലവിളിച്ചുകൊണ്ട് കൈക്ക് പിന്നാലെ ഓടുകയായിരുന്നു. അമൃതയുടെ നിലവിളി കേട്ടു സമീപത്തെ വീട്ടിലെ സോത്തിന്‍ എസ്. ചന്ദ്രന്‍ എന്ന യുവാവ് തോട്ടില്‍ ചാടി തളിപ്പറമ്പിനു സമീപം കീഴാറ്റൂര്‍ മാന്ധംകുണ്ടിലെ എം.വി.രൂപേഷിന്റെയും രമ്യയുടെയും മകള്‍ രണ്ട് വയസ്സുകാരി അനയയെ രക്ഷിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ സമയത്ത് ഏകദേശം 200 മീറ്ററോളം അനയ ഒഴുകിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ രൂപേഷിന്റെ വീടിന്റെ അടുക്കളഭാഗത്തു കൂടി ഒഴുകുന്ന തോട്ടില്‍ അനയ വീഴുകയാണുണ്ടായത്. ഇത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇവരുടെ വീടിനടുത്തുള്ള അമ്മവീട്ടില്‍ അവധിദിനത്തില്‍ വന്നതായിരുന്നു. അനയയുടെ വീട്ടിനു സമീപത്തു നിന്നു കാടുപിടിച്ച സ്ഥലത്തുകൂടി ഒഴുകി മൂന്ന് കോണ്‍ക്രീറ്റ് കലുങ്കുകള്‍ക്കടിയിലൂടെയാണ് കുട്ടി ഒഴുകിപ്പോയത്. ഇതിനു 10 മിനിറ്റു മുന്‍പ് കലുങ്കിന്റെ കോണ്‍ക്രീറ്റിനു തട്ടിയായിരുന്നു വെള്ളം ഒഴുകിയത്. പിന്നീട് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് കുട്ടി ഇതിനു തട്ടാതെ രക്ഷപ്പെട്ടത്.

ഒരു കുട്ടി എന്നു പറഞ്ഞ് അമൃതയുടെ നിലവിളി കേട്ട് സോത്തിനും ഒഴുക്കിനു പിന്നാലെയോടി തോട്ടിലേക്കു ചാടുകയായിരുന്നു. അമൃതയുടെ നിലവിളി കേട്ട് അയല്‍വാസി കെ.സതീശനും ആ സമയം അവിടെ എത്തിച്ചേര്‍ന്നു. ഇരുവരും ചേര്‍ന്ന് ചേര്‍ന്നു കുട്ടിക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കി. സിപിഎം ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രന്റെ മകനാണ് സോത്തിന്‍.

തുടര്‍ന്ന് അനയയുടെ പിതാവ് രൂപേഷ് കുട്ടിയെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു.