രാമപുരവും നാലമ്പല ദര്‍ശനവും

single-img
17 July 2015

ഭക്തിയുടെ മാസമാണ് കര്‍ക്കിടകം. ഹിന്ദുഭവനങ്ങളിലെ പ്രഭാതങ്ങള്‍ രാമയണപാരായണത്തിന്റെ പുണ്യം ഏറ്റു വാങ്ങുന്ന മാസം. ആയുര്‍വേദ ചികിത്സയും ഔഷധ കഞ്ഞി സേവയും മറ്റുമായി കേരളീയന്റെ ജീവിതത്തോട് ചേര്‍ന്നുകിടക്കുന്ന ആയുര്‍വദമെന്ന അഞ്ചാം വേദത്തിലൂടെ ഭക്തിയെ അനുധാവനം ചെയ്യുന്ന കൊല്ലവര്‍ഷാവസാനം. പുലരുന്ന പൊന്നിന്‍ചിങ്ങമാസത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ കര്‍ക്കിടകത്തിലൂടെ നിറവേറുന്നു.

കര്‍ക്കിടകമാസത്തില്‍ കോട്ടയം ജില്ലയിലെ രാമപുരത്തിന് ഒരു പ്രത്യേക ചൈതന്യമാണ്. മനസ്സും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള നാലമ്പലദര്‍ശനമെന്ന കര്‍ക്കിടകമാസത്തിലെ ചടങ്ങിന് ജനലക്ഷങ്ങള്‍ ഒഴുകിവരുന്ന രാമപുരം ഇന്ന് കേരളത്തിലെ ആദ്ധ്യാത്മ കേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. രാമപുരമെന്നാല്‍ രാമന്റെ ദുഃഖം ശമിപ്പിച്ച മണ്ണെന്ന് അറിയപ്പെടുന്നിടം. നാലമ്പല ദര്‍ശനത്തിലൂടെ നേടുന്നത് രാമായണത്തിന്റെ തനതുപുണ്യമെന്ന തിരിച്ചറിവിലാണ് രാമപുരത്തേക്ക് ഭക്തര്‍ ഒഴുകിയെത്തുന്നത്.

ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരുദിവസം ഉച്ചപൂജയ്ക്ക് മുമ്പ് സന്ദര്‍ശിച്ച് ദര്‍ശനം നടത്തുന്നതിലൂടെയാണ് നാലമ്പലദര്‍ശനമെന്ന ഭാഗ്യം ഭക്തരില്‍ സമാഗതമാകുന്നത്. രാമായണ മഹാകാവ്യം ഒരു പ്രാവശ്യം വായിച്ചു തീര്‍ക്കുന്നതിന് തുല്യമാണ് ഈ നാലമ്പല ദര്‍ശനം. രാമപുരത്തെ ശ്രീരാമക്ഷേത്രം, കൂടപ്പൂലം ശ്രീലക്ഷ്മണക്ഷേത്രം, അമനക്കര ശ്രീഭരതക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശന പരിധിയില്‍ വരുന്ന ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളെല്ലാം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്നവയാണ്.

legend_clip_image002_0001

രാമയണ മഹാകാവ്യത്തിലെ ശ്രീരാമ ലക്ഷമണ ഭരതശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പുലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷം വീണ്ടും രാമപുരം ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമായതിനാല്‍ ആചാരവിധി അനുസരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഉച്ചപൂജയ്ക്കു മുമ്പ് ദര്‍ശനം നടത്തുവാന്‍ സാധിക്കുമെന്നതിനാലും ഈ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം രാമപുരത്ത് നിലനല്‍ക്കുന്നതിനാലുമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രസക്തിയേറുന്നത്.

legend_clip_image002_0002

അമ്പുംവില്ലുമാണ് രാമപുരം ശ്രീരാമക്ഷേത്രത്തിലെ പ്രധാന വഴിപാട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ഉദ്ദിഷ്ടകാരയത്തിനായി അമ്പും വില്ലും വഴിപാടായി ഇവിടെ സമര്‍പ്പിക്കും. കൂടപ്പുലം ശ്രീലക്ഷ്മണക്ഷേത്രത്തിലെ വഴിപാട് ചതുര്‍ബാഹുവാണ്. ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുന്ന ഭക്തര്‍ക്ക് കുടിക്കുവാനായി നാലമ്പല ദര്‍ശന സമിതിയുടെ നേതൃത്വത്തില്‍ ഔഷധവെള്ളവും ഇവിടെനിന്നും വിതരണം ചെയ്യുന്നുണ്ട്. കര്‍ക്കടികമാസത്തിലെ ഔഷധസേവയോട് ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം ക്ഷേത്രകമ്മിറ്റി ഈ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

legend_clip_image002_0003

അമനക്കര ഭരതസ്വാമി ക്ഷേത്രത്തിലെത്തിയാല്‍ സ്വാമിക്ക് ശംഖും മീനൂട്ടുമാണ് പ്രധാന വഴിപാടുകള്‍. ക്ഷേത്ത്രില്‍ നിന്നും ലഭിക്കുന്ന അവിലും മലരുമാണ് മീനൂട്ടിന് ഉപയോഗിക്കുക. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും പൊടിയരിക്കഞ്ഞിയും ഇവിടുന്ന് വിതരണം ചെയ്യും.

legend_clip_image002_0004

മേതിരി ശത്രുഘ്‌ന ക്ഷേത്രത്തില്‍ വഴിപാടായി ചക്രമാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത്. ഈ ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞാല്‍ വീണ്ടും രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി രാമസ്വാമിയെ ദര്‍ശിക്കണം. അതുംകൂടിയാകുമ്പോള്‍ നാലമ്പല ദര്‍ശനമെന്ന ഒരു ചക്രം പൂര്‍ത്തിയാകും.