ആനപ്പുറത്ത് സവാരി നടത്തിയ രഞ്ജിനി ഹരിദാസ്, നസ്രിയ ഫഹദ് എന്നിവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന് തൃശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കത്ത്

single-img
17 July 2015

00222_196414ആനപ്പുറത്ത് സവാരി നടത്തിയ രഞ്ജിനി ഹരിദാസ്, നസ്രിയ ഫഹദ് എന്നിവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് തൃശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ.വെങ്കിടാചലം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും കേന്ദ്ര വനം ഡയറക്ടര്‍ ജനറലിനും കത്ത് അയച്ചു. വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ച് കോടനാട് നടത്തുന്ന ആനസവാരിയിലാണ് സിനിമാ താരങ്ങളായ രഞ്ജിനി ഹരിദാസും നസ്രിയ ഫഹദും പങ്കെടുത്തത്.

കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആനസവാരിക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് 2014 ഡിസംബര്‍ നാലിന് കേരള ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പിന്റെ കൈവശമുള്ള ആനകള്‍ക്കൊന്നും തന്നെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭ്യമാവുക എളുപ്പമല്ലെന്നുള്ളതാണ് സത്യം.

പ്രസ്തുത സംഭവത്തില്‍ കോടനാട് ഡിഎഫ്ഒയ്ക്കും നടികള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.