രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നും ഹൈക്കോടതി

single-img
16 July 2015

PTI2_16_2013_000133A

ഓട്ടോറിക്ഷകള്‍ക്ക് അനുവദിക്കപ്പെട്ട പെര്‍മിറ്റ് പരിധിയില്‍ എവിടെനിന്നും ഓട്ടം എടുക്കാമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ഹൈക്കോടതി. ചട്ടപ്രകാരം വിലക്കില്ലാത്തപക്ഷം രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അത് തടയാനാകില്ലെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

മാത്രമല്ല റോഡ് സൈഡുകളില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിശ്ചയിക്കാനോ നിജപ്പെടുത്താനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു അധികാരമില്ലെന്നും അങ്ങനെയൊരു ചട്ടം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാലാ സ്വദേശിയായ കെ.എസ്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.

2014 മാര്‍ച്ചില്‍ പാലാ മുനിസിപ്പാലിറ്റി ഓട്ടോറിക്ഷാ പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയും സംസ്ഥാന പാതയോരങ്ങള്‍ ഉള്‍പ്പെടെ ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് സെന്ററുകള്‍ നിശ്ചയിക്കുകയും ചെയ്തതിനെതിരെ ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. കുറച്ച് ആള്‍ക്കാര്‍ ഓട്ടോസ്റ്റാന്‍ഡ് എന്നു പേരിട്ട് സംഘടിതമായി കൈയടക്കിവച്ച സ്ഥലത്ത് അവര്‍ക്കു മാത്രവും ബാക്കിയുള്ളവര്‍ക്ക് നഗരത്തിന്റെ വിദൂര സ്ഥലങ്ങളിലുമാണു പെര്‍മിറ്റ് അനുവദിച്ചതെന്നായിരുന്നു അവരുടെ ആക്ഷേപം.

മാത്രമല്ല മൂന്നാനി, നെല്ലിയാനി, ഊരാശാല ജംഗ്ഷന്‍, ബൈപാസ് ജംഗ്ഷന്‍ മുതലായ സ്ഥലങ്ങളില്‍ പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് ഓട്ടം കിട്ടാറുമില്ലായിരുന്നു. അവര്‍ നഗരത്തിലൂടെ കറങ്ങിനടന്ന് ഓട്ടം കണ്ടെത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിതമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മകാടതി പ്രസ്തുത ഉത്തരവ് പുറപെ്ടുവിച്ചത്.