വൃക്ഷങ്ങള്‍ക്ക് മുകളിലൊരുക്കിയ കുടിലുകളുമായി അടവി പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെ കാത്തിരിക്കുന്നു

single-img
15 July 2015

02tvpt-tourism__02_2458815f

കോന്നി അടവിയിലെത്തുന്ന വിനോദ സഞ്ചാരകള്‍ക്ക് ഇനി വൃക്ഷങ്ങള്‍ക്ക് മുകളിലുള്ള കുടിലുകളില്‍ തങ്ങാം. കല്ലാറിന്റെ തീരത്ത് വൃക്ഷങ്ങള്‍ക്ക് മുകളില്‍ സ്വപ്‌നതുല്യമായ താമസസൗകര്യമൊരുക്കി ടൂറിസം വകുപ്പ് സഞ്ചാരികളെ ക്ഷണിക്കുകയാണ്. അടവി പ്രകൃതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായിരിക്കുമെന്നുറപ്പാണ്.

മുളയും മുള ഉത്പന്നങ്ങളും ഉപയോഗിച്ച് പേരുവാലി അടവി പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായാണ് മരങ്ങളുടെ മുകളില്‍ കുടില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ബാംബു കോര്‍പറേഷന്റെ ചുമതലയിലാണ് നിര്‍മാണം. അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ബാംബു കോര്‍പറേഷന്റെ ഫാക്ടറികളില്‍ നിന്നു കൊണ്ടുവന്ന മുളകളും മുള ഉത്പന്നങ്ങളുമാണ് ഈ കുടിലുകളുടെ നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്.

നിലമ്പൂര്‍, കണ്ണപുരം തുടങ്ങിയ വന മേഖലകളില്‍ നിന്നുമെടുക്കുന്ന പ്രത്യേക തരം കല്ലന്‍ മുളകള്‍ കോഴിക്കോട് ഫാക്ടറിയില്‍ സംസ്‌കരിച്ച് ബലപ്പെടുത്തിയാണ് കുടിലുകളുടെ നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്. പ്രകൃതിയുടെ തനിമ നിലനിര്‍ത്തി കാടിനെയും കാട്ടാറിനെയും അടുത്തറിയാനുതകും വിധമാണ് കുടിലുകള്‍ നിര്‍മ്മിക്കുന്നത്.

കല്ലാറിന്റെ തീരത്ത് അടുത്തടുത്തായുള്ള മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് തറ നിരപ്പില്‍ നിന്ന് ഏകദേശം 18 അടിയോളം ഉയരത്തിലാണ് കുടിലുകള്‍ തയ്യാറാകുന്നത്. മുളതന്നെയാണ് കുടിലുകളുടെ ഫഌറ്റഫോം നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്. അതിന് മുകളില്‍ ചട്ടക്കൂട് ഉറപ്പിച്ച ശേഷം ബാംബു പ്ലൈ ഉപയോഗിച്ച് മേല്‍ക്കൂരകളും ചുവരുകളും നിര്‍മ്മിക്കുകയാണ് ശചയ്യുന്നത്.

തറയില്‍ ഫ്‌ളാറ്റന്‍ഡ് ബോര്‍ഡ് ഉറപ്പിച്ച് അതിനു മുകളില്‍ ബാംബു ടൈല്‍ പതിച്ച അഞ്ച് കുടിലുകളാണ് ഒരേ പ്ലാറ്റ്‌ഫോമില്‍ പൂര്‍ത്തിയാകുന്നത്. ഈ കുടലുകള്‍ക്ക് തൊട്ടടുത്തായി തന്നെ മറ്റൊരു കുടിലും നിര്‍മ്മാണം നടന്നുവരുന്നു. കുടിലുകളില്‍ ഒരു കുടുംബത്തിന് താമസിക്കാനാകും വിധം കിടപ്പുമുറി, വരാന്ത, ശുചിമുറി എന്നിവയുണ്ട്. കുടിലുകളില്‍ എത്തുന്നതിനായി മുള കൊണ്ടുള്ള
പാതയും തയ്യാറാക്കിയിട്ടുണ്ട്.

പുറമേ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ത്തുന്നത് കുടിലുകള്‍ക്ക് ഒരു വള്ളിക്കുടിലിന്റെ പ്രതീതിയുണ്ടാക്കുന്നുണ്ട്. കുടിലുകളുടെ വരാന്തയില്‍ നിന്നാല്‍ കല്ലാറിന്റെയും തീരങ്ങളുടേയും കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് കുടിലുകളുടെ നിര്‍മ്മാണം. 36 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്. അടുത്തമാസം കുടില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.