നാട്ടുകാര്‍ രംഗത്തിറങ്ങി; ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എസ്.പി. ശ്രീക്കുട്ടിയും സി. അശ്വതിയും യാത്രതിരിക്കുന്നു

single-img
15 July 2015

aswathi_150515041032432

കുട്ടികളുടെ കണ്ണുനീരും തോമസ് ഐസക് എം്എല്‍.എയുടെ അഭല്‍ര്‍ത്ഥനയും ആലപ്പുഴയിലെ മുഹമ്മ നിവാസികള്‍ തള്ളിയില്ല. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയിട്ടും യാത്രാചെലവായ 6 ലക്ഷം രൂപയെന്ന കടമ്പ കടക്കാനാകാതെ കണ്ണുനിറഞ്ഞ ശ്രീക്കുട്ടിയേയും അശ്വതിയേയും വിസ്മയിപ്പിച്ച് നാട്ടുകാരൊന്നടങ്കം രംഗത്തിറങ്ങിയാണ് ലക്ഷ്യം നേടിയത്.

എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ എസ്.പി. ശ്രീക്കുട്ടിയും സി. അശ്വതിയും ചൈനയില്‍ 20 മുതല്‍ 26 വരെ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലകന്‍ വി. സവിനയനോടൊപ്പം യാത്രതിരിക്കുകയാണ്. യാത്രയ്ക്കും മറ്റുമായി ആറു ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്തു കായികതാരങ്ങള്‍ക്കു സഹായഹസ്തവുമായി നാട് മുഴുവന്‍ രംഗത്തിറങ്ങിയപ്പോള്‍ സ്വരൂപിക്കാനായത് ഏഴരലക്ഷത്തോളം രൂപയാണ്.

2.26 ലക്ഷം രൂപയാണ് തോമസ് ഐസക് എംഎല്‍എ ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് ലഭിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത്കുമാറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ രണ്ടു ലക്ഷം രൂപയും നല്‍കി. കുടുംബശ്രീ – പുരുഷ സ്വാശ്രയ സംഘം യൂണിറ്റുകളും സ്ഥാപനങ്ങളും ധനസമാഹരണത്തിനു സജീവമായി രംഗത്തിറങ്ങിയതോടെ സ്വപ്‌നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തോടുള്ള ദൂരംകുറഞ്ഞുവന്നു.

കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപക – അനധ്യാപകരും വിദ്യാര്‍ഥികളും ഒരു ലക്ഷം രൂപ സമാഹരിച്ച് നല്‍കിയപ്പോള്‍ പിടിഎയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് സബ് കമ്മിറ്റി രൂപീകരിച്ച് ഒരു ലക്ഷത്തിലേറെ രൂപ സ്വരൂപിച്ചു. കാനഡ മലയാളി അസോസിയേഷന്‍, റൗണ്ട് ടേബിള്‍ ഇന്ത്യ, ആലപ്പി ഇന്നര്‍വീല്‍ ക്ലബ്, അമ്പലപ്പുഴ ഫോക്കസ്, എബി വിലാസം സ്‌പോര്‍ട്‌സ് അക്കാദമി, ഷിപ്പേഴ്‌സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ധനസമാഹരണത്തിനായി മുന്നില്‍ നിന്നു.

കുട്ടികള്‍ക്ക് വിജയാംശംസകള്‍ നേരുന്നതിനായി ഇന്നലെ സംഘടിപ്പിച്ച സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.ടി. റെജി അധ്യക്ഷത വഹിച്ചു. ഇതിനിടയില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറു വരെ ചെക്കോസ്‌ളോവാക്യയില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും ശ്രീക്കുട്ടിക്കും അശ്വതിക്കും സെലക്ഷന്‍ കിട്ടിക്കഴിഞ്ഞു.