2016 മാര്‍ച്ചിന് മുമ്പ് ഇന്ത്യയ്ക്കു വേണ്ടി ഐ.എസ്.ആര്‍.ഒ നടത്തുന്നത് ഏഴ് വിക്ഷേപണങ്ങള്‍

single-img
14 July 2015

earth-space-hd-wallpaper-1920x1080-9805

ബഹിരാകാശ രംഗത്ത് ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി ഇന്ത്യ മാറുന്നു. 2016 മാര്‍ച്ചിന് മുമ്പ് ഇന്ത്യയ്ക്ക വേണ്ടി ഐ.എസ്.ആര്‍.ഒ ഏഴ് വിക്ഷേപണങ്ങള്‍
നടത്തുമെന്ന് ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌പെയ്‌സ് ഷട്ടില്‍ പ്രോഗ്രാമിന്റെ അവലോകന യോഗത്തിനായി തിരുവനന്തപുരം വി.എസ്.എസ്.സിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മൂന്ന് ഐ.ആര്‍.എന്‍.എസ്.എസ് ഉപഗ്രഹങ്ങള്‍, അസ്‌ട്രോസാറ്റ്, ജി സാറ്റ് 6, ജി സാറ്റ് 15 എന്നിവയ്ക്ക് പുറമേ ഒരു വാണിജ്യ വിക്ഷേപണവുമാണ് ഐ.എസ്.ആര്‍.ഒ നടത്തുന്നത്. വാണിജ്യ വിക്ഷേപണത്തിന് ആഗോള തലത്തില്‍ വന്‍ ഡിമാന്‍ഡുള്ളതിനാല്‍ പ്രതിവര്‍ഷം പത്തു വിക്ഷേപണങ്ങളെങ്കിലും നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിമിതികളായി അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

രണ്ട് വിക്ഷേപണങ്ങള്‍ക്കിടയിലെ സമയം കുറയ്ക്കാനുള്ള ശ്രമം ഐ.എസ്.ആര്‍.ഒ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാര്‍ച്ചോടെ ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ ശേഷിക്കുന്ന മൂന്ന് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ ഗ്‌ളോബല്‍ പൊസിഷനിംഗ് സംവിധാനത്തില്‍ രാജ്യം സ്വയംപര്യാപ്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ രാജ്യത്തിന്റെ സ്വന്തം ജി.പി.എസ് ആയ ഗഗന്‍ ഉദ്ഘാടനം ചെയ്തിരുന്നു. മംഗള്‍യാന്‍ എട്ടു ദിവസം വിനിമയ ബന്ധം വേര്‍പെട്ട് ഇരുട്ടിലായെങ്കിലും ഇപ്പോള്‍ ബന്ധം പുനഃസ്ഥാപിക്കാനായതായും ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള ശേഷി അടുത്ത ഡിസംബറോടെ രാജ്യം കൈവരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.