ഒറ്റമുറി വാടകവീട്ടിലിരുന്ന പഠിച്ച് പ്ലസ് ടുവിന് മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയ ആരാധികയ്ക്ക്, ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് ദുബായ് വ്യവസായി കബീര്‍ ജലാലുദ്ദീന്‍ സമ്മാനിച്ചത് 31 ലക്ഷം രൂപയുടെ ഇരുനില വീടും ആരാധികയുടേയും അനുജത്തിയുടേയും തുടര്‍പഠനച്ചെലവും

single-img
13 July 2015

aradhika.jpg.image.784.410ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ലെങ്കിലും ഒറ്റമുറി വാടകവീടിന്റെ നാലു ചുവരുഷകള്‍ക്കുള്ളിലിരുന്ന് പഠിച്ച് പ്ലസ് ടുവിന് ഉന്നത വിജയം സ്വന്തമാക്കിയ ആരാധികയ്ക്ക് സ്വപ്‌നസമാനമായ സമ്മാനവുമായി ദുബായ് വ്യവസായി കബീര്‍ ജലാലുദ്ദീന്‍ എത്തി. ആരാധികയുടെ കഥ വായിച്ചറിഞ്ഞ വര്‍ക്കല സ്വദേശി കബീര്‍ ജലാലുദ്ദീന്‍ 31 ലക്ഷം രൂപയ്ക്ക് ആരാധികയ്ക്കും കുടുംബത്തിനും നഗരത്തില്‍ തന്നെ വീട് വാങ്ങി നല്‍കുകയായിരുന്നു.

കോട്ടണ്‍ഹില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആരാധിക പ്ലസ് ടുവിന് 1200 മാര്‍ക്കും നേടിയിരുന്നു. മേട്ടുക്കടയിലെ വാടകവീട്ടിലാണു ആരാധികയുടെ മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ താമസം. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ഓട്ടോ കണ്‍സല്‍റ്റന്റായ പിതാവ് ബാലചന്ദ്രന്റെ തുച്ഛ വരുമാനം കൊണ്ടു കഴിയുന്ന ഈ കുടുംബത്തിന്റെ കഥ ഉന്നത വിജയത്തിന് അഭിനന്ദനവുമായി എത്തിയ മേയര്‍ കെ. ചന്ദ്രികയിലൂടെയാണ് പുറം ലോകമറിയുന്നത്.

ആരാധികയ്ക്ക് അഭിനന്ദനവുമായെത്തിയ മേയര്‍ ട്രോഫികളും മെഡലുകളും കൊണ്ടു പകുതിയും നിറഞ്ഞ ആ ഒറ്റമുറി വീട് കണ്ട് അതിശയിക്കുകയായിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ ഇതറിഞ്ഞ് ആരാധികയ്ക്കു പഠനസഹായവുമായാണു ദുബായില്‍ നിന്നു ജലാലുദ്ദീന്‍ എത്തുകയായിരുന്നു. ആരാധികയുടെ വീട്ടിലെത്തിയ ജലാലുദീന്‍ ഒരു വീട് പണിത് നല്‍കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഈ കുടംബത്തിന് ഒരുതുണ്ട് ഭൗമിപോലും സ്വന്തമായില്ലെന്ന് മനസ്സിലാക്കി മേട്ടുക്കടയില്‍ ശംഖുചക്രം ലെയ്‌നില്‍ ഒന്നര സെന്റ് സ്ഥലത്തെ ഇരുനില വീട് വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. കരാര്‍ എഴുതി ഉടമയ്ക്കു മൂന്നു ലക്ഷം രൂപ മുന്‍കൂറായി നല്‍കിയ വീടിന്റെ റജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ആദ്യം നടക്കും.

പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ഒത്തിരി കഷ്ടപ്പെട്ട് ഇന്ന് ദുബായില്‍ ഡല്‍റ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനായ താന്‍ വന്നവഴിയൊന്നും മറന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കബീര്‍ ജലാലുദ്ദീന്റെ പ്രവര്‍ത്തി. മുമ്പ് ഒട്ടേറെ നിര്‍ധന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കും ആ സന്മനസ്സ് സഹായമായിട്ടുണ്ട്. വീടിനൊപ്പം ആരാധികയുടെയും അനുജത്തിയുടെയും തുടര്‍പഠനച്ചെലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.