ഇന്ത്യയിലെ പ്രായമായവരില്‍ മൂന്നില്‍ രണ്ടുപേരും തങ്ങളുടെ കുടുംബങ്ങളില്‍ അവഗണിക്കപ്പെടുന്നവര്‍

single-img
13 July 2015

old-indianഇന്ത്യയിലെ പ്രായമായവരില്‍ മൂന്നില്‍ രണ്ടുപേരും തങ്ങളുടെ കുടുംബങ്ങളില്‍ അവഗണിക്കപ്പെടുന്നവരാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതില്‍ മൂന്നിലൊരാള്‍ക്ക് ശാരീരികമായ പീഡനവും ചീത്തവിളിയും സദാ എല്‍ക്കേണ്ടിവരുന്നുമുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

എയ്ജ് വെല്‍ ഫൗണ്ടേഷന്‍’ എന്ന സന്നദ്ധസംഘടന രാജ്യത്തെമ്പാടുമുള്ള അയ്യായിരത്തോളം പ്രായമായവരില്‍ നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ആധുനികീകരണം, കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ച, ജോലിതേടിയുള്ള തൊഴിലാളികളുടെയും ചെറുപ്പക്കാരുടെയും നഗരങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയവയാണ് പ്രായമായവരുടെ പരിചരണത്തെ പ്രതികൂലമായി ബാധിച്ചതെന്ന് പഠനം തെളിയിക്കുന്നത്. ഗ്രാമീണമേഖലയെക്കാള്‍ നഗരങ്ങളിലാണ് പ്രായമായവര്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ വര്‍ധിച്ചുകൊണ്ടിരുന്ന പ്രായമായവരുടെ പ്രശ്‌നങ്ങള്‍ രോഗപ്രതിരോധവും ചികിത്സയും പുനരധിവാസവും പ്രോത്സാഹനവും നല്‍കുന്ന സമഗ്രപരിചരണ പാക്കേജിലൂടെയേ പരിഹരിക്കാന്‍കഴിയൂവെന്ന് വിലയിരുത്തപ്പെടുന്നു. എയ്ജ് വെല്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഹിമാന്‍ഷു റാത്താണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പ്രായമായവരില്‍ 65.5 ശതമാനംപേരും കുടുംബത്തില്‍നിന്ന് അവഗണനനേരിടുന്നുവെന്നും നാലിലൊന്നുപേര്‍ കുടുംബാംഗങ്ങളുടെ ചൂഷണത്തിനിരയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.