മഞ്ഞിടിച്ചിലും ഹിമപാതവും ദുരിതം വിതയ്ക്കുന്ന ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ 2,500 കോടി രൂപ പദ്ധതിച്ചെലവില്‍ 9.2 കിലോമീറ്റര്‍ നീളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം പൂര്‍ത്തിയായി

single-img
13 July 2015

1-tunnelരാജ്യത്തെ ഏറ്റവും വലിയ അപകടമേഖലയില്‍ നുറുശതമാനം സുരക്ഷയുമായി ലോകോത്തര സംവിധാനങ്ങളോടെ കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതി പൂര്‍ത്തിയായി. ഹിമപാതവും മഞ്ഞുമലയിടിച്ചിലും കാരണം ,റ്റവും കൂടുതല്‍ അപകടം നടക്കുന്നതും ഏറ്റവും കൂടുതല്‍ കാലം അടച്ചിടുന്നതുമായ ദേശീയപാത 1എ ഇനി 24 മണിക്കൂറും സജീവമാകും. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം പൂര്‍ത്തിയായതോടെയാണിത്.

ഉധംപൂര്‍ ജില്ലയിലെ ചെനാനിയെയും റംബാനിലെ നാഷ്‌രിയെയും ബന്ധിപ്പിക്കുന്ന തുരങ്കം ലോകോത്തര സംവിധാനങ്ങളോട് കൂടിയതാണ്. 2011 മേയ് 23നു തുടങ്ങിയ 9.2 കിലോമീറ്റര്‍ തുരങ്ക പദ്ധതിക്ക് ചെലവായതു 2,500 കോടി രൂപയാണ്. ഇതോടെ ഏതു കാലാവസ്ഥയിലും ജമ്മുവിനും ശ്രീനഗറിനുമിടയ്ക്കു ഗതാഗതം നടത്താമെന്ന സ്ഥിതിയാകും. മാത്രമല്ല തുരങ്കം മഞ്ഞുവീഴ്ചയെയും ഹിമാനികളെയും അതിജീവിക്കുകയും ചെയ്യും.

ദേശിയ പാത ബന്ധിപ്പിക്കുന്നരണ്ട് നഗരങ്ങള്‍ക്കുമിടയില്‍ ദൂരം 30 കിലോമീറ്റര്‍ കുറയുകയും കാശ്മീര്‍ താഴ്‌വരയിലേക്ക് ഏതു കാലാവസ്ഥയിലും റോഡ് മാര്‍ഗമെത്താമെന്നതു പ്രതിരോധ തന്ത്രത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുകയും ചെയ്യും. ജമ്മു- ശ്രീനഗര്‍ ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായാണു തുരങ്കമുണ്ടാക്കിയത്. അടുത്ത വര്‍ഷം ജൂലൈയില്‍ പുതുക്കിയ പാത ഗതാഗതസജ്ജമാകും. സമാന്തര രക്ഷാതുരങ്കങ്ങളും പദ്ധതിയെ വ്യത്യസ്തമാക്കുന്നു. തുരങ്കത്തിനുള്ളില്‍ രക്ഷാതുരങ്കങ്ങളെ പ്രധാന തുരങ്കവുമായി ബന്ധിപ്പിച്ച് 29 ഇടവഴികളുണ്ട്. അപകടമുണ്ടായാല്‍ യാത്രക്കാരെ ഏറ്റവും അടുത്ത ഇടവഴിയിലൂടെ സമാന്തര തുരങ്കത്തിലെത്തിച്ച് രക്ഷപ്പെടുത്തുകയാണ് ചെയ്യുക.

ദേശീയപാത അതോറ്റി എന്‍ജിനീയര്‍മാര്‍ ഇന്നു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ രണ്ടറ്റത്തു നിന്നും നിര്‍മിച്ച ഭൂഗര്‍ഭപാതകളെ ഒത്ത നടുക്കു കൂട്ടിച്ചേര്‍ത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെഅവ ഒന്നിപ്പിച്ച് തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയാക്കും. തുരങ്കത്തില്‍ പ്രാണവായു ഉറപ്പാക്കുന്നതിന് ഇടയ്ക്കിടെ വെന്റിലേഷന്‍ നിര്‍മിച്ചിട്ടുണ്ട്. നിശ്ചിത ഇടദൂരങ്ങളില്‍ പാര്‍ക്കിങ് സൗകര്യവുമുണ്ടാവും. തുരങ്കത്തില്‍ വാഹനങ്ങള്‍ കേടായാല്‍ മിനിറ്റുകള്‍ക്കകം അവ പാര്‍ക്കിങ് സ്ഥലത്തേക്കു മാറ്റുകയും ഗതാഗതം സാധാരണ ഗതിയില്‍ നടക്കുകയും ചെയ്യും.