ഇന്ന് ഇരുപത്തിയേഴാം രാവ്; മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ച ലൈലത്തുല്‍ ഖദ്ര്‍ ദിനം

single-img
13 July 2015

Grand Mosque in Abu Dhabi

ഇന്ന് റംസാന്‍ ഇരുപത്തിയേഴാം രാവ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ ദിനത്തെ വരവേല്‍ക്കാന്‍ മുസ്ലീം സമൂഹം ഒരുങ്ങിക്കഴിഞ്ഞു. റംസാനന്റെ പുണ്യവും പേറി കഴിഞ്ഞ ഇരുപത്തിയഞ്ച് രാപകലുകളായി തുടരുന്ന പ്രാര്‍ഥനകളും സത്കര്‍മങ്ങളും തിങ്കളാഴ്ച അതിന്റെ പരകോടിയിലെത്തും.

ലൈലത്തുല്‍ ഖദ്ര്‍ അഥവാ വിധിനിര്‍ണ്ണയ രാവ് ആകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നതും റംസാനിലെ ഏറ്റവും പുണ്യംനിറഞ്ഞതെന്നു കരുതുന്നതുമായ ഇരുപത്തിയേഴാം രാവ് കഴിഞ്ഞാല്‍ പിന്നെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലേക്ക് വിശ്വാസികള്‍ മാറും. പള്ളികളെല്ലാം തിങ്കളാഴ്ച വൈകുന്നേരത്തെ നോമ്പുതുറയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണ്. ജീവിതത്തിലെ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പള്ളികളും വീടുകളും ഇന്നത്തെ രാത്രി പ്രാര്‍ഥനകളുടെ നൈര്‍മല്യത്താല്‍ നിറയും.

നോമ്പുതുറയും തറാവീഹ് നമസ്‌കാരവും കഴിഞ്ഞ് പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമായി മിക്ക വിശ്വാസികളും പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടും. ലൈലത്തുല്‍ ഖദ്‌റിന്റെ ഭാഗമായി ചിലയിടങ്ങളില്‍ രാത്രി പ്രാര്‍ഥനാസംഗമങ്ങളും ഒരുക്കിയിട്ടുണ്ട്. പൂര്‍വികരുടെ കബര്‍സന്ദര്‍ശനവും, സക്കാത്ത് വിതരണവും ഈ രാവിന്റെ പ്രത്യേകതകളാണ്.