കുഞ്ഞുനാളിലെ തന്റെ മനസ്സില്‍ സൂക്ഷിച്ച ആ ആഗ്രഹം തലസീമിയ എന്ന ഗുരുതര രോഗം തട്ടിയെടുത്തപ്പോള്‍ പതിനൊന്നു വയസ്സുകാരന്‍ മുകിേലഷിന്റെ ആഗ്രഹസഫലീകരണത്തിനായി ഇന്ത്യന്‍ വ്യോമസേനയെത്തി

single-img
13 July 2015

Mukileshകുഞ്ഞുനാളിലെ തന്റെ മനസ്സില്‍ സൂക്ഷിച്ച ആ ആഗ്രഹം തലസീമിയ എന്ന ഗുരുതര രോഗം തട്ടിയെടുത്തപ്പോള്‍ പതിനൊന്നു വയസ്സുകാരന്‍ മുകിേലഷിന്റെ ആഗ്രഹസഫലീകരണത്തിനായി ഇന്ത്യന്‍ വ്യോമസേനയെത്തി. പൈലറ്റിന്റെ വേഷവും വ്യോമസേനയുടെ ബാഡ്ജും ധരിച്ച് വ്യോമസേനാ ചട്ടങ്ങളോടെ ക്യാപറ്റന്‍ സീറ്റിലിരുന്ന മുകിലേഷിന് ഫ്‌ലൈറ്റ് ലഫ്റ്റനന്റിന്റെ നേതൃത്വത്തില്‍ സല്യൂട്ടും നല്‍കിയാണ് ആ കുഞ്ഞാഗ്രഹം സഫലീകരിച്ചത്.

ചുവന്ന രക്താണുക്കളുടെ ഘടനയിലുണ്ടാകുന്ന വൈകല്യം മൂലമാണു ജീവനുതന്നെ ഭീഷണിയാകുന്ന തലസീമിയ എന്ന അപൂര്‍വവും ഗുരുതരവുമായ രോഗം ബാധിച്ച് കോയമ്പത്തൂരിലെ ജികെഎന്‍എം ആശുപത്രിയില്‍ കീമോതെറപ്പി ചികില്‍സയില്‍ കഴിയുന്ന മുകിലേഷിന്റെ ആഗ്രഹമറിഞ്ഞ് അതു നിറവേറ്റിക്കൊടുക്കുവാന്‍ സന്നദ്ധനായി ഇന്ത്യന്‍ വ്യോമസേന എത്തുകയായിരുന്നു. സുലൂര്‍ കേന്ദ്രമായ വ്യോമസേനാ വിഭാഗത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഓണററി പൈലറ്റായി മുകിലേഷ് മാറിയിരിക്കുകയാണ്.

കോയമ്പത്തൂര്‍ കേന്ദ്രമായ ‘മെയ്ക് എ വിഷ്’ എന്ന സന്നദ്ധസംഘടന കുട്ടിയുടെ ആഗ്രഹം വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്നു വ്യോമസേനയുടെ ‘പൈലറ്റ് ഫോര്‍ എ ഡേ’ പദ്ധതിയിലൂടെ ഓണററി പൈലറ്റ് പദവി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌ക്വാഡ്രണ്‍ ഗ്രൂപ്പ് കമാന്‍ഡിങ് ഓഫിസര്‍ ക്യാപ്റ്റന്‍ എസ്.കെ. ഗുപ്തയാണു സുലൂരില്‍ മുകിലേഷിനെ സ്വീകരിച്ചത്. വിമാനത്തിലിരുന്ന് മുകിലേഷ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും ചെയ്തു.

മുകിലേഷിന്റെ സന്തോഷത്തില്‍ വ്യോമസേനയും പങ്കുചേരുന്നുവെന്നും ഏറെ വേദനയനുഭവിക്കുന്നവര്‍ക്കു ചെറിയ സന്തോഷം നല്‍കാന്‍ കഴിയുന്നതു വലിയ കാര്യമാണെന്നും വിങ് കമാന്‍ഡര്‍ കാരി ലോകേഷ് പറഞ്ഞു.