പതിനെട്ട് വയസ്സു തികയുന്നതിന് മുമ്പ് പിതൃ സഹോദര പുത്രിയുടെ ജനനസര്‍ട്ടിഫിക്കറ്റ് തന്റേതാണെന്ന് കാണിച്ച് ജോലിക്ക് കയറിയ മീനച്ചില്‍ സ്വദേശിനി ആന്‍സി അഗസ്റ്റിന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

single-img
11 July 2015

Handcuffsവ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്ക് കയറി 30 വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്ത ജീവനക്കാരി ഒടുവില്‍ പിടിയിലായി. ആള്‍മാറാട്ടത്തിന് പാല മീനച്ചില്‍ സ്വദേശിനി ആന്‍സി അഗസ്റ്റിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഫുള്‍ടൈം മീനിയല്‍ തസ്തികയില്‍ ആന്‍സി അഗസ്റ്റിന്‍ കഴിഞ്ഞ 30 വര്‍ഷമായി ജോലിചെയ്തു വരികയായിരുന്നു.

അന്ന് പതിനെട്ട് വയസ്സ് തികയാതിരുന്ന ആന്‍സി ജോലിയില്‍ പ്രവേശിക്കാനായി പിതൃസഹോദര പുത്രി ത്രേസ്യാമ്മയുടെ പേരിലുള്ള ജനന സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കിയത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അടിമാലി സ്വദേശി ജോമോന്‍ തോമസ് 2013ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണു ആന്‍സി നടത്തിയ കൃത്രിമം വെളിച്ചത്ത് വന്നയത്.

മുമ്പ് ആള്‍മാറാട്ടം വെളിച്ചത്ത് വരാതിരിക്കാന്‍ പ്രമോഷന്‍ ലഭിക്കാനുള്ള പല സാഹചര്യങ്ങളും ഇവര്‍ ഒഴിവാക്കിയിരുന്നതായി അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ആള്‍മാറാട്ടത്തിനും വ്യാജരേഖ നിര്‍മിച്ചതിനും മൂന്നാര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.