യുവജനതയെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന മത-വര്‍ഗ്ഗീയ- രാഷ്ട്രീയക്കാര്‍ക്ക് മറുപടിയായി മുസ്ലീം ജമാഅത്ത് പളളിയില്‍ ഹിന്ദു- മുസ്ലീം യുവാക്കള്‍ സംയുക്തമായി ഇഫ്താര്‍ വിരുന്നും നോമ്പ് തുറയും സംഘടിപ്പിച്ചു

single-img
10 July 2015

11741673_10153418403057456_930555485_nയുവജനതയെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന മത-വര്‍ഗ്ഗ- രാഷ്ട്രീയക്കാര്‍ക്ക് ഒരു സൗഹൃദക്കൂട്ടായ്മയുടെ മറുപടി. കൊല്ലം ജില്ലയിലെ ചിതറ എന്ന ഗ്രാമത്തിലെ ഹിന്ദു മുസ്ലീം യുവാക്കളുടെ ഐക്യ സംഘടനയായ മിനര്‍വ്വ കള്‍ച്ചറല്‍ സെന്ററാണ് ചിതറ ജമാഅത്ത് പള്ളിയില്‍ ഇഫ്താര്‍ വിരുന്നും നോമ്പുതുറയും സംഘടിപ്പിച്ചത്.

ജാതിമത ഭേദമന്യേ നാനൂറോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് ചിതറയിലെ വിവിധ മതവിശ്വാസികളെ സംബന്ധിച്ച് പുതിയൊരനുഭവമാണ് സമ്മാനിച്ചത്. ഈ പുതു ലോകത്ത് ഉയര്‍ന്നു വരുന്ന ജാതി- മത- വര്‍ഗ്ഗീയ ചിന്തകള്‍ക്ക് ഈ നാട്ടിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകകൂടിയാണ് അവര്‍ ചെയ്ത്. അതിന്റെ തെളിവാണ് ഇഫ്താര്‍ വിരുന്നിന് കൂടിയ വിവിധ മതവിശ്വാസികളുടെ എണ്ണം കാണിക്കുന്നതും.

കാലാകാലങ്ങളായി റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ പള്ളിയില്‍ പാചകം ചെയ്യുന്ന നോമ്പ് കഞ്ഞി കഴിക്കാന്‍ എല്ലാ മതവിശ്വാസികളും എത്താറുണ്ട്. കാലം മുടക്കാത്ത ഈ ചര്യയും ഈ ഒരു വിരുന്ന് നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതായി സര്‍വ്വമത സംഗമത്തിന്റെ അമരക്കാരനായ സഞ്ചു ചിതറ പറഞ്ഞു. ഇനിയുള്ള കാലവും ഈ സൗഹൃദം തുടര്‍ന്നുപോകണമെന്ന ദൃഡ നിശ്ചയത്തോടെ വരുന്ന വര്‍ഷം വളരെ വിപുലമായ രീതിയില്‍ ഇഫ്താര്‍ വിരുന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചു ചിതറ, സന്തോഷ് പളളികുന്നുപുറം, ബിജു മുള്ളിക്കാട്, സന്തോഷ് മാടന്‍കാവ്, ഉല്ലാസ് ചിതറ, ഉദയന്‍ വേങ്കോട്, ബിനീഷ് മാങ്കോട്, രജിത്ത് മാങ്കോട്, ഗണേശന്‍ മാങ്കോട്, ഷാനവാസ് ചിതറ, റനീസ് പളളികുന്നംപുറം, സിയാദ് ചിതറ എന്നിവരായിരുന്നു ഈ സൗഹൃദ സംഗമത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍.