ജനലക്ഷങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന പിറവം പുഴ ഇന്ന് നഗരമാലിന്യങ്ങളുടെ കലവറ

single-img
10 July 2015

Piravamലക്ഷങ്ങള്‍ക്ക് കുടുവെള്ളം നല്‍കുന്ന പുഴ മാലിന്യം നിറഞ്ഞ് നാശത്തിന്റെ പാതയില്‍. ജപ്പാന്‍ കുടിവെള്ള പദ്ധതി, ജനറം കുടിവെള്ള പദ്ധതി, കക്കാട് ശുദ്ധജല വിതരണ പദ്ധതിയടക്കം സംസ്ഥാനെത്ത വന്‍കിട പ്രോജക്ടുകള്‍ നിലനിര്‍ത്തുന്ന പിറവം പുഴയാണ് മാലിന്യങ്ങളുടെ സംഭരണശാലയായി മാറിയിരിക്കുന്നത്.

ടൗണിലെ ഓടകളിലൂടെ മാലിന്യങ്ങള്‍ പിറവം ചാപ്പലിനു സമീപമുള്ള വലിയ ഓടയിലൂടെ ഒഴുകി മെയിന്‍ കടവിനു സമീപം പുഴയില്‍ പതിക്കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ മെയിന്‍ കടവിനു സമീപം പുഴയുടെ ഓരത്ത് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് മൂലം ചപ്പ് ചവറുകള്‍ അടക്കമുള്ള മാലിന്യം ഓടയുടെ പല ഭാഗത്തായി കെട്ടിക്കിടന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതും പതിവാണ്.

മാലിന്യ നിര്‍മാജനത്തിന്റെ ഭാഗമായി പിറവം ഗ്രാമപഞ്ചായത്ത് കണ്ണീറ്റ്മലയില്‍ ഒരു കോടി രൂപ മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ടൗണിലെ മാലിന്യങ്ങള്‍ മാത്രമാണ് അവിടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നും ചെറിയ പായ്ക്കറ്റുകളില്‍ രാവിലെ മാലിന്യം റോഡരുകുകളില്‍ നിക്ഷേപിക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്.

പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ളത് തള്ളുന്നതു മൂലം ദേഹത്ത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നുമുണ്ട്. മെയിന്‍ കടവിന് ചാപ്പലിനു സമീപം കടവിന്റെ ഭാഗം കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇവിടെയും മാലിന്യം തള്ളുന്നത് പതിവാണ്.