മലയാളികള്‍ക്ക് നാട്ടില്‍ വേണ്ടാത്ത ചക്കക്കുരു ഒന്ന് വറുത്ത് മനോഹരമായി പായ്ക്ക് ചെയ്ത് ഖത്തറിലെത്തിയപ്പോള്‍ ഒരു കിലോ ഇന്ത്യന്‍ രൂപ 2000 നും മുകളില്‍

single-img
9 July 2015

Kuru

സ്വന്തം നാട്ടിലെ പച്ചപ്പും പഴമയും ഭക്ഷണവുമെല്ലാം നാട്ടില്‍ നില്‍ക്കുമ്പോള്‍ അരോചകമായി അനുഭവപ്പെടുന്നവര്‍ ഒന്ന് കടല് കടക്കണം. ഈ ഭക്ഷണസാധനങ്ങള്‍ വന്‍കിട ഷോപ്പിംഗ് മാളുകളില്‍ നിന്നും വന്‍വില നല്‍കി വാങ്ങിക്കൊണ്ടു പോകുന്നത് കാണാം. അത്തരത്തിലുള്ള ഒരു മഹാഭാഗ്യമാണ് നമ്മുടെ നാട്ടില്‍ വേണ്ടാതെ കളയുന്ന ‘ചക്കക്കുരു’വിനും കിട്ടിയിരിക്കുന്നത്.

നാട്ടില്‍ പഴുങ്ങി നല്ല മുളകും കൂട്ടി വെട്ടിവിഴുങ്ങിയിരുന്ന ചക്കക്കുരു കാലം മാറിയതോടെ പുതിയ കുപ്പായമൊക്കെയിട്ട് അങ്ങ് അറബിനാട്ടിലേക്ക് കടന്നിരിക്കുകയാണ്. ഖത്തറിലേയും മറ്റു രാജ്യങ്ങളിലേയും ഷോപ്പിംഗ് മാളുകളില്‍ ചക്കക്കുരുവിന് വന്‍ ഡിമാന്റാണ്. ഖത്തറില്‍ ചക്കക്കുരു വറുത്തത് കിലോയ്ക്ക് ഇന്ത്യന്‍ രൂപ രണ്ടായിരത്തിനും മുകളിലാണ് (119 ഖത്തര്‍ റിയാല്‍) വില. നാട്ടിന്‍ പുറത്തുനിന്നും ഒരു ചക്ക 5 രൂപയ്ക്ക് വാങ്ങിക്കൊണ്ടു പോകുന്നവര്‍ അത് വിദേശത്ത് എത്തിക്കുമ്പോള്‍ കൈയില്‍ വരുന്ന കാശ് ഇതില്‍ നിന്നും ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.

ഗള്‍ഫുകാര്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന ബദാം ഒരു കിലോ ഇന്ത്യന്‍ രൂപ 1100 ഓളം (64 ഖത്തര്‍ റിയാല്‍) വില്‍ക്കുമ്പോഴാണ് ചക്കക്കുരു മോഹവിലയ്ക്ക് രാജകീയ പദവി അലങ്കരിക്കുന്നത്. കേരളത്തില്‍ വെറുതേ കളയുന്ന ചക്കയും ചക്കക്കുരുവുമൊക്കെ തമിഴ്‌നാടിനു വരെ അമൃതാണെന്നുള്ളതാണ് സത്യം. വിദേശത്തേക്ക് കടക്കുമ്പോള്‍ അത് ഇരട്ടിമധുരമുള്ള അമൃതാകുന്നുവെന്ന് മാത്രം. തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ചക്ക ഉപ്പേരിയും ജാമുമൊക്കെയായി തിരിച്ചെത്തുമ്പോള്‍ നാം വന്‍ വിലനല്‍കി അത് വാങ്ങി ഉപയോഗിക്കും. അതുപോലെ പുറം കാല്‌കൊണ്ട് നാട്ടിലെ ചക്കയെ തൊഴിച്ചെറിയുന്നവര്‍ വിദേശത്ത് എത്തി ആയിരങ്ങള്‍ നല്‍കി അത് വാങ്ങി ഉപയോഗിക്കും.

ഒരുപക്ഷേ നാട്ടുകാര്‍ കളിയാക്കുമായിരുന്നില്ലെങ്കില്‍ ബദാമിനും പിസ്തയ്ക്കും പകരം പ്രവാസികള്‍ ചക്കക്കുരു നാട്ടിലെത്തിക്കുമായിരുന്നു. തള്ളിക്കളയേണ്ട, അങ്ങ!െനയൊരുകാലം ഇനിയും വരാം.