വ്യാപം അഴിമതി; നമ്രതാ ദാമോറിന്റേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍

single-img
9 July 2015

namrata

image credits: NDTV

ഭോപാല്‍: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ നമ്രതാ ദാമോറിന്റേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന നമ്രതയെ 2012 ജനുവരിയില്‍ ഉജ്ജെയ്‌നിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് 2014 നല്‍കിയ റിപ്പോര്‍ട്ടില്‍ നമ്രത ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഒരു ശതമാനം പോലും സാധ്യത അതിനില്ലെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബി ബി പുരോഹിത് പറയുന്നു.

നമ്രതയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ചെറിയ പരിക്കുകളും മറ്റും കൊലപ്പെടുത്തിയശേഷം ട്രാക്കിലേക്ക് വലിച്ചിഴച്ചതിന്റെതാണ്. ഇക്കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. വ്യാപം പരീക്ഷയിലൂടെ മെഡിക്കല്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിയാണ് നമ്രത. ഇവര്‍ കൈക്കൂലി നല്‍കിയാണ് മെഡിക്കല്‍ സീറ്റ് നേടിയതെന്ന് ആരോപണം ഉണ്ടായിരുന്നു.

നമ്രതയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പിതാവുമായി അഭിമുഖത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. വ്യാപം കേസില്‍ അറസ്റ്റിലായ രണ്ടായിരത്തോളം പേരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളുടെ മാതാപിതാക്കളാണ്.  ഏതാണ്ട് 2000 കോടിയോളം രൂപയാണ് കൈക്കൂലി ഇനത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടത്.