അല്‍നൂര്‍ എന്ന സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ നഷ്ടപ്പെട്ടത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളുടെ ജീവന്‍; മുന്‍പും പല അപകടങ്ങള്‍ക്കും കാരണമായ അല്‍നൂറിന്റെ രണ്ടുബസുകള്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

single-img
8 July 2015

Bus

കഴിഞ്ഞ ദിവസം അമിത വേഗതയിലോടിയ സ്വകാര്യ ബസ് രണ്ട് യുവാക്കളുടെ ജീവനെടുത്തതിന് പിന്നാലെ അക്രമാസക്തരായ നാട്ടുകാര്‍ രണ്ടു ബസുകള്‍ അടിച്ചുതകര്‍ത്തു. അല്‍നൂര്‍ ബസുകളാണ് ഹരിപ്പാടും മാവേലിക്കരയിലും വെച്ച് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച അല്‍നൂര്‍ ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ നാട്ടുകാര്‍ ബസുകള്‍ തടയുകയായിരുന്നു.

ഹരിപ്പാട് മുട്ടത്തും മാവേലിക്കര കോട്ടമുക്കിലുമാണ് അല്‍നൂര്‍ ബസുകള്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ചാരുംമൂട്-മാങ്കാംകുഴി റൂട്ടില്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം മാങ്കാംകുഴി ജംഗ്ഷനു തെക്ക് തഴക്കര പഞ്ചായത്ത് സ്റ്റേഡിയത്തിനു മുമ്പിലാണ് അല്‍നൂര്‍ ബസ് രണ്ട് യുവാക്കളെ ഇടിച്ചിട്ടത്. കൊല്ലം പത്തനാപുരം ഇടത്തറ എം.കെ. ഹൗസില്‍ റിട്ട. ക്രൈംബ്രാഞ്ച് എസ്‌ഐ അബ്ദുല്‍ അസീസിന്റെ മകനും ബിരുദ വിദ്യാര്‍ഥിയുമായ ആസിഫ് (21), ഇടത്തറ കൃഷ്ണ വിലാസത്തില്‍ റ്റി.എന്‍. രാജുവിന്റെ മകന്‍ അനുരാജ് (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടില്‍ കെസിടി ബസിനെ മറികടന്ന അല്‍നൂര്‍ബസ് അമിതവേഗതയില്‍ ബൈക്കില്‍ ിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് ഓടയിലേക്കിറങ്ങിയാണ് ബസ് നിന്നത്. പ്രസ്തുത ബസിന്റെ അമിതവേഗം പല അപകടങ്ങള്‍ക്കും കാണമായിട്ടുള്ളതിനാലാണ് നാട്ടുകള്‍ ഇന്ന് ബസ് തടയുകയായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്.