കഴകൂട്ടം-ടെക്നോപാർക്ക്-കാര്യവട്ടം ക്യാമ്പസ്സ് ബസ്സ് സർവീസ് തോന്നിയപടി. ദിനവും ദുരിതത്തിലാവുന്നത് നൂറോളം യാത്രകാർ

single-img
8 July 2015

train-kazhakuttomകഴകൂട്ടം ജങ്ഷനിൽ നിന്നും അരകിലോമീറ്ററിലേറെ ദൂരത്തായാണ് കഴകൂട്ടം റെയിൽവെ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൽ നിന്നുമേറെ ഉള്ളിലായതിനാൽ ഇവിടേക്കുള്ള ഗതാഗമാർഗ്ഗം അല്പം ബുദ്ധിമുട്ടുള്ളതാകുന്നു. ടെക്നോപാർക്ക് ജീവനക്കാരും കാര്യവട്ടം ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരാണ് കഴകൂട്ടം റെയിൽവെ സ്റ്റേഷനിലെ പ്രധാന യാത്രക്കാർ. ഇവർക്ക് ടെക്നോപാർക്കിലേക്കും ക്യാമ്പസ്സിലേക്കും പോകണമെങ്കിൽ സ്റ്റേഷനിൽ നിന്നും കഴകൂട്ടം വരെ നടക്കേണ്ടതുണ്ട്. അല്ലെങ്കിൽ വലിയ ചാർജ്കൊടുത്ത് ഓട്ടൊകളെ ആശ്രയിക്കണം. മറ്റൊരുമാർഗ്ഗം കുളത്തൂർ-കഴകൂട്ടം റൂട്ടിലെ ബസ്സിൽ കഴകൂട്ടത്തേക്ക് വന്നിട്ട് അവിടുന്ന് വീണ്ടും അടുത്ത ബസ്സിൽ പോകുക എന്നതാണ്. കുളത്തൂർ-കഴകൂട്ടം റൂട്ടിലെ ബസ്സ് സർവീസ് താരതമ്യേന കുറവുമാണ്.

വളരെനാളായി ഈ പ്രശ്നത്തെ അധികാരികളിൽ സൂചിപ്പിച്ചതിന്റെ ഫലമായിട്ടാണ് കഴകൂട്ടം റെയിൽവെ സ്റ്റേഷൻ-ടെക്നൊപാർക്ക്-കാര്യവട്ടം ക്യാമ്പസ്സ് റൂട്ടിലേക്ക് ഒരു ബസ്സ് അനുവദിക്കുന്നത്. ടെക്നൊപാർക്ക്-ക്യാമ്പസ്സ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ഒരുവണ്ടി കയറിയാൽ മതിയാകും എന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. രാവിലെയും വൈകിട്ടും വഞ്ചിനാട് എക്സ്പ്രസ്സ് ട്രെയിനിന്റെ സമയമനുസരിച്ചാണ് ഇതിന്റെ സർവീസ്. ടെക്നോപാർക്കിലേക്ക് രണ്ടും ക്യാമ്പസ്സിലേക്ക് ഒരുതവണയുമായിട്ടാണ് ഈ രണ്ടുനേരങ്ങളിൽ ബസ്സ് സർവീസ് നടത്തുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ കാര്യവും ദയനീയമായി തുടരുകയാണ്.

കാലാവസ്ഥ പ്രവചനം പോലെയാണ് കഴകൂട്ടം റെയിൽവെ സ്റ്റേഷൻ-ടെക്നൊപാർക്ക്-കാര്യവട്ടം ക്യാമ്പസ്സ് ബസ്സ് സർവീസിന്റെ കാര്യം. മഴപെയ്യാനും പെയ്യാതിരികാനും സാധ്യതയുണ്ട് എന്ന് പറയുന്നപോലെ ഈ ബസ്സ് വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. മിക്യ ദിവസങ്ങളിലും ബസ്സുണ്ടാവാറില്ല. ഇനിയിപ്പോൾ സർവീസ് നടത്തിയാൽതന്നെ രാവിലെ ഉണ്ടെങ്കിൽ വൈകിട്ട് കാണില്ല. ചിലദിവസങ്ങളിൽ രാവിലെ കാണാത്തതുകൊണ്ട് യാത്രക്കാർ ഇതിനായി കാത്തുനിൽക്കാതെ മറ്റുമാർഗ്ഗങ്ങളാൽ സ്റ്റേഷനിൽ എത്തും, അപ്പോൾ ബസ്സ് കാലിയടിച്ച് സ്റ്റേഷനിൽ വരുന്നതുംകാണാം.

ജീവനക്കാരോട് പറയുമ്പോൾ അവർ തരുന്ന മറുപടി ബസ്സ് കേടായി എന്നതാണ്. ബസ്സ് കൃത്യമായി സർവീസ് നടത്തുന്നില്ല എന്നതാണ് യാത്രക്കാർ നേരിടുന്ന മുഖ്യ പ്രതിസന്ധി. വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ല എന്ന് യാത്രക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി. ജീവനക്കാരും അതികൃതരും യാത്രികരോട് ഒരുപോലെ അവക്ഞ്ഞതപുലർത്തുകയാണ്.

യാത്രക്കാർ ഏറെയുള്ളതിനാൽ തന്നെ ബസ്സ് സർവ്വീസ് നല്ലരീതിയിൽ നടത്തുകയാണെങ്കിൽ കെ.എസ്.ആർ.ടി.സിക്കും അത് ലാഭമായിരിക്കും. കൂടാതെ ദിനംപ്രതി കഴകൂട്ടം റെയിൽവെ സ്റ്റേഷനിലെ യാത്രക്കാർ വർദ്ധിച്ചുവരികയുമാണ്. അടിയന്തരമായിട്ട് പരിഹരിക്കേണ്ട വിഷയം തന്നെയാണിത്. ഇവിടേക്കുള്ള ഗതാഗത സംവിധാനത്തിനുള്ള പരിഹാരമാർഗ്ഗം അതികൃതർ സ്വീകരിച്ചില്ലെങ്കിൽ ദുരിതത്തിലാകുന്നത് നൂറുകണക്കിന് യാത്രക്കാർക്ക് തന്നെയാകും.