നിയമസഭയില്‍ ആദ്യദിനം തന്നെ ബോണക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി അരുവിക്കരയുടെ പുതിയ എം.എല്‍.എ ശബരീനാഥ്

single-img
7 July 2015

Sabarinath

ദാരിദ്ര്യത്തില്‍ മുങ്ങിപ്പൊങ്ങുന്ന ബോണക്കാട്ടെ തോട്ടം തൊഴിലാളികള്‍ക്കു വേണ്ടി ആദ്യ ദിനം തന്നെ നിയമസഭയില്‍ ശബ്ദമുയര്‍ത്തി അരുവിക്കരയുടെ പുതിയ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍ തന്റെ വരവറിയിച്ചു. സബ്മിഷനായാണ് വിഷയം അദ്ദേഹം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ശബരിനാഥിന്റെ അരങ്ങേറ്റത്തെ ഭരണപക്ഷം ഡസ്‌ക്കിലിടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്പീക്കര്‍ എന്‍. ശക്തന്‍ പുതുമുഖത്തിന്റെ സബ്മിഷനാണെന്ന മുഖവുരയോടെയാണ് ശബരിനാഥിനെ സംസാരിക്കാന്‍ ക്ഷണിച്ചത്. ഈ സമയം സഭയുടെ ശ്രദ്ധാകേന്ദ്രമായി ശബരി മാറി. ശബരി തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയപ്പോള്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും സര്‍ക്കാര്‍ തോട്ടം ഏറ്റെടുത്ത് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ശബരീനാഥന്‍ തന്റെ സബ്മിഷനില്‍ ആവശ്യപ്പെട്ടു. സൗജന്യ റേഷന്‍ അനുവദിക്കുമെന്നും ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നിര്‍ദേശം വന്നാല്‍ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സബ്മിഷന് മറുപടി നല്‍കി.

പിന്നാലെ മന്ത്രി ഷിബു ബേബി ജോണ്‍ ശബരിനാഥിന് പിന്തുണയുമായെത്തി. ആദ്യ സബ്മിഷനില്‍ തന്നെ ഏറ്റവും ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ വിഷയം ഉയര്‍ത്തിയതില്‍ ശബരീനാഥനെ അഭിനന്ദിക്കുകയാണെന്നും തൊഴിലാളികളുടെ ആനുകൂല്യം ഉറപ്പാക്കാന്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് കര്‍ശന നടപടി എടുക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.