ബ്രിട്ടന്റെ അഞ്ച് സാറ്റ്‌ലൈറ്റുകളുമായി ഇന്ത്യയുടെ പി.എസ്.എല്‍.വി ജൂലൈ 10ന് ബഹിരാകാശത്തേക്ക്

single-img
6 July 2015

Sriharikota

ഈ മാസം 10ന് വാണിജ്യപരമായ ഏറ്റവും വലിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നും പി.എസ്.എല്‍.വി കുതിച്ചുയരും. ഏകദേശം 1440 കിലോ ഗ്രാം ഭാരമുള്ള സാറ്റലൈറ്റുകളാണ് ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നത്.

അധിക ഭാരമുള്ള സാറ്റലൈറ്റുകള്‍ പിഎസ്എല്‍വിയില്‍ ഘടിപ്പിക്കുന്ന ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുപോലെയുള്ള മൂന്നു ഡിഎംസി3 ഭൗമ നിരീക്ഷണ സാറ്റലൈറ്റുകളും രണ്ട് ഓക്‌സിലിയറി സാറ്റലൈറ്റുകളുമാണ് വിക്ഷേപിക്കുന്നതെന്നും അദ്ദേഹം ശവളിപ്പെടുത്തി.

മൂന്നുമീറ്റര്‍ ഉയരവും 447 കിലോഗ്രാം ഭാരവുമുള്ള ഡിഎംസി3 സാറ്റലൈറ്റുകള്‍, 91 കിലോഗ്രാം ഭാരമുള്ള സിബിഎന്‍ടി1, സര്‍വെ സ്‌പേസ് സെന്റര്‍ നിര്‍മിച്ച 7 കിലോഗ്രാം ഭാരമുള്ള നാനോ സാറ്റലൈറ്റായ ഡിഓര്‍ബിറ്റ് സെയിലുമാണ് 10ന് ബഹിരാകാശത്തേക്ക് പോകുന്നത്.