സഞ്ചാരികളെ സ്വീകരിക്കാന്‍ വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ കോടമഞ്ഞ് പുതച്ചുതുടങ്ങി

single-img
6 July 2015

Vagamon

സമുദ്രനിരപ്പില്‍നിന്നും 1100 അടി ഉയരത്തില്‍ കാഴ്ചയുടെ വസന്തം ഒരുക്കിവെച്ച് കോടമഞ്ഞും പുതച്ച് കിടക്കുന്ന കേരളത്തിന്റെ സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന വാഗമണ്ണിനെ തേടി മണ്‍സൂണ്‍ ആഘോഷിക്കാന്‍സഞ്ചാരികളുടെ വന്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി. സീസണെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് വിവിധ റിസോര്‍ട്ടുകളും സഞ്ചാരികള്‍ക്കായി വിവിധ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

മണ്‍സൂണ്‍ സീസന്റെ ഭാഗമായി സദാ മകാടമഞ്ഞ് പുതച്ചുകിടക്കുന്ന ചെങ്കുത്തായ മലകളും ചെക്കുഡാമുകളും മൊട്ടക്കുന്നുകളും പുല്‍ത്തകിടികളും ചെറു അരുവികളും വാഗമണ്ണിന്റെ മാത്രം പ്രത്യേകതയാണ്. താപനില 20 ഡിഗ്രിയില്‍ കൂടുതല്‍ ഉയരാറില്ല എന്നുള്ളതാണ് സമുദ്രനിരപ്പില്‍നിന്നും 1100 അടി ഉയരത്തിലുള്ള ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത. അതായത് കൊടും ചൂടത്തും ചൂടിന്റെ കാഠിന്യം അനുഭിക്കാതെ നില്‍ക്കാമെന്നര്‍ത്ഥം.

വാഗമണ്ണിന്റെ മാത്രം പ്രത്യേകതയായ മൊട്ടക്കുന്നുകളും, പൈന്‍മരക്കാടും തേയിലത്തോട്ടങ്ങളും സഞ്ചാരികളുടെ മനസിനെ കുളിരണിയിക്കുന്ന കാഴ്ചകളാണ്. വാദഗമണ്ണിലെ സൂയിസൈഡ് പോയിന്റിലും ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടേക്കെല്ലാം സ്വകാര്യ റിസോര്‍ട്ടുകളും താമസ സൗകര്യത്തിനൊപ്പം ട്രക്കിംഗ്, ജീപ്പ് സവാരി, ബോട്ട് യാത്ര തുടങ്ങിയവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലേക്കാളേറെ കുരിശുമല, തങ്ങള്‍പാറ, മുരുകന്‍മല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങള്‍ ധാരാളമെത്തുന്നുണ്ട്. സഞ്ചാരികള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു പുറമേ കേരള ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും രംഗത്തുണ്ട്.

മണ്‍സൂണ്‍ ടൂറിസത്തെ വരവേല്‍ക്കാന്‍ വിവിധ പാക്കേജുകളാണ് ഇവരുടെ നേൃത്വത്തില്‍ തയ്യാറ്റിയിരിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, ദേവദൂതന്‍, ഓര്‍ഡിനറി തുടങ്ങിയ പ്രസിദ്ധ ചിത്രങ്ങളിലെ കാഴ്ചകള്‍ മറക്കാത്ത മലയാളികളെ അതിന്റെ യാഥാര്‍ത്ഥ കാഴ്ചകള്‍ കാത്തിരിക്കുകയാണ്, വാഗമണ്ണെന്ന സ്വപ്‌ന ഭൂമിയിലൂടെ.

ചിത്രം: Sebastian George