ഡീലറോട് പ്രതിഷേധിച്ച് ലാന്റ്‌ ക്രൂയിസറിനെ വ്യവസായി കഴുതവണ്ടിയാക്കി മാറ്റി

single-img
5 July 2015

donkeyന്യൂഡല്‍ഹി: ഡീലറോടുള്ള പ്രതിഷേധത്തെ തുടർന്ന് ലാന്റ്‌ ക്രൂയിസര്‍ കാറിനെ വ്യവസായി കഴുതവണ്ടിയാക്കി മാറ്റി. സൂററ്റിലെ ധനാഢ്യനായ തുഷാര്‍ ഗീലാനി എന്ന വ്യവസായിയാണ് ഈ കടുംകൈ കാണിച്ചത്.  അമിതാഭ്‌ ബച്ചനും ഉള്‍പ്പെടെ ഇന്ത്യയിലെ 20 സെലിബ്രിട്ടികൾക്ക്‌ മാത്രമാണ് ടയോട്ട ലാന്റ്‌ ക്രൂയിസര്‍ കാര്‍ നല്‍കിയിരുന്നത്. അതിൽപ്പെടുന്ന ഒരാളാണ് തുഷാറും.

നാനാവതി ടയോട്ടയില്‍ നിന്നും ഒരു കോടി രുപയ്‌ക്ക് ആയിരുന്നു തുഷാര്‍ കാര്‍ വാങ്ങിയത്‌. വിവിധ പ്രത്യേക സൗകര്യങ്ങളും ഡീലര്‍മാര്‍ ഇയാള്‍ക്ക്‌ വാഗ്‌ദാനം ചെയ്തിരുന്നത്. എന്നാല്‍ കാര്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ കാര്യങ്ങളെല്ലാം മാറി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാറിന്റെ കീ ലോക്ക്‌ പ്രശ്‌നത്തിലായി. വെറും 50 രൂപയ്‌ക്ക് വിപണിയില്‍ കിട്ടുന്ന കീ ലോക്കിന്റെ ബാറ്ററിക്കായി ഡീലര്‍ വാങ്ങിയത്‌ 1500 രൂപ. നന്നാക്കാന്‍ അഞ്ചു ദിവസം എടുത്തു.

പ്രശ്‌നം ഇവിടെ തീര്‍ന്നില്ല. ആയിരം കിലോമീറ്റര്‍ വീതം അഞ്ചു തവണ കഴിയുമ്പോള്‍ ലൈനറില്‍ മാറ്റം ആവശ്യമാണ്‌. ഇതിനായി ഡീലറെ സമീപിക്കുമ്പോള്‍ അയാള്‍ക്ക്‌ തോന്നുന്നത്‌ പോലെയാണ്‌ അത്‌ ചെയ്‌തു തന്നിരുന്നത്. എന്നാൽ തുഷാർ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.

കാറിനെ ഏതാനും കഴുതകളെ കൊണ്ട്‌ കെട്ടി വലിപ്പിച്ചാണ്‌ ഇടപാടുകാരോട്‌ മോശമായി പെരുമാറുന്ന ഡീലറോടുള്ള പ്രതിഷേധം തുഷാര്‍ പ്രകടിപ്പിച്ചത്‌. വര്‍ഷം തോറും 8 ലക്ഷം ഇന്‍ഷുറന്‍സ്‌ നല്‍കുന്ന കാറിന്‌ ഡീലറുടെ മോശം പെരുമാറ്റം കൂടിയാകുമ്പോള്‍ അതിനേക്കാള്‍ നല്ലത്‌ കഴുതവണ്ടിയാണെന്ന്‌ തോന്നുമെന്ന്‌ തുഷാര്‍ പറയുന്നു. അതേസമയം ഇതിനോട്‌ പ്രതികരിക്കരുതെന്ന്‌ കമ്പനി, ഡീലറോട് നിര്‍ദേശിച്ചതായാണ് വിവരങ്ങൾ.