ഞായറാഴ്‌ച അര്‍ധ രാത്രി മുതല്‍ തിങ്കളാഴ്ച അര്‍ധ രാത്രി വരെ കേരളത്തില്‍ പെട്രോള്‍ പമ്പുകൾ അടച്ചിടും

single-img
5 July 2015

16pump1കൊച്ചി: ഞായറാഴ്‌ച അര്‍ധ രാത്രി മുതല്‍ തിങ്കളാഴ്ച അര്‍ധ രാത്രി വരെ കേരളത്തില്‍ പെട്രോള്‍ പമ്പുടമകളുടെ സമരം. പുതിയതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്കായി എണ്ണ കമ്പനികളും സര്‍ക്കാരും നല്‍കിയിട്ടുള്ള എല്ലാ അനുമതി പത്രങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍ സംയുക്തമായി നാളെ ഇന്ധന ബഹിഷ്‌കരണ ദിനാചരണം സംഘടിപ്പിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് 1890 പമ്പുകളുണ്ട്. പുതിയ 78 പമ്പുകള്‍ക്കാണ് അനുമതി. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് പമ്പുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്.

സ്വകാര്യ കമ്പനികളുടെ കടന്നു വരവിനെ സഹായിക്കുന്ന എണ്ണക്കമ്പനികളുടെയും സര്‍ക്കാരിന്റെയും നിലപാടു തിരുത്തുക, വില്‍പ്പനയ്ക്ക് അനുസരിച്ച് വസ്തുവിന്റെ വാടക വര്‍ധിപ്പിക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുവകകള്‍ ഉപാധികളില്ലാതെ തിരികെ നല്‍കുക, കമ്പനികള്‍ക്കു സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, ബാങ്കുകള്‍ ഈടാക്കുന്ന ഹാന്‍ഡിലിങ് ചാര്‍ജുകള്‍ ഒഴിവാക്കുക, ടെര്‍മിനലില്‍ നിന്നു നല്‍കുന്ന ഇന്ധനത്തിന്റെ അളവ് കൃത്യമാക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിക്കുന്നത്.