യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രായേലിനെതിരെ നടന്ന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു; കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

single-img
5 July 2015

un-logoന്യൂഡല്‍ഹി: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രായേലിനെതിരെ നടന്ന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇസ്രായേലുമായി കേന്ദ്രസര്‍ക്കാറിനുള്ള ചങ്ങാത്തം വ്യക്തമാക്കുന്നതും ഇന്ത്യന്‍ നയതന്ത്രത്തിലെ നിര്‍ണായക ചുവടുമാറ്റമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഗസ്സ സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലും ഹമാസും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവ് കണ്ടെത്തിയ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്ന പ്രമേയത്തിന്മേലാണ് വോട്ടെടുപ്പ് നടന്നത്.

ഇസ്രായേലിന്‍െറ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നതു കൂടിയായിരുന്നു പ്രമേയം. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തത്. 41 രാജ്യങ്ങള്‍ ഇസ്രായേലിന് എതിരായ പ്രമേയം പിന്തുണച്ചു. ഇന്ത്യയും കെനിയയും അടക്കം അഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു.

കഴിഞ്ഞ ജൂലൈയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം അനുകൂലിച്ച് ഇസ്രായേലിനെതിരെ ഇന്ത്യ വോട്ടു ചെയ്തിരുന്നു. വ്യോമാക്രമണങ്ങളില്‍ 2300ല്‍പരം പേര്‍ കൊല്ലപ്പെട്ട ഗസ്സയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയാറാക്കിയതും അന്നത്തെ പ്രമേയത്തിന് അനുസൃതമായാണ്. അവിടെ നിന്നാണ് ഇന്ത്യയുടെ ചേരിമാറ്റം.

അതേസമയം, സര്‍ക്കാര്‍ നിലപാടു മാറ്റിയെന്ന ആക്ഷേപം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇസ്രായേലിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുമ്പാകെ കൊണ്ടുവരണമെന്ന പരാമര്‍ശം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും ഇത് ഒരു രാജ്യത്തിന്‍െറ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു.

മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ച ഘട്ടങ്ങളില്‍, വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയെന്ന പൊതുസമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. സിറിയ, വടക്കന്‍ കൊറിയ പ്രമേയങ്ങളുടെ കാര്യത്തിലും അങ്ങനെയാണ് ചെയ്തതെന്നും വക്താവ് പറഞ്ഞു.

എന്നാൽ സര്‍ക്കാറിന്‍െറ ചുവടുമാറ്റം പാര്‍ലമെന്‍റില്‍ വിഷയമാക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിലപാട് തിരുത്തി പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത നയതന്ത്ര ബന്ധങ്ങളില്‍ മാറ്റം വരുത്തുന്നുവെങ്കില്‍, പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

കൂടാതെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേലിന്‍െറ ആതിഥ്യം സ്വീകരിക്കുന്നത്. പാലസ്തീനുള്ള ഇന്ത്യന്‍ സഹായം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയുമാണ്.