കേരളത്തിലെ കോടീശ്വരനായ എം.എല്‍.എയുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1.91 കോടി രൂപ

single-img
4 July 2015

22376_1435938005

കേരളത്തിലെ കോടീശ്വരനായ എം.എല്‍.എയുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് ഭീമമായ തുക. 1.91 കോടി രൂപയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം സ്പീക്കറുടെ പ്രത്യേക അനുമതിയോടെ മകരളത്തിലെ ഏറ്റവും സമ്പന്നനായ എം്എല്‍.എ തോമസ് ചാണ്ടിക്ക് അനുവദിച്ചത്.

തോമസ് ചാണ്ടി എം.എല്‍.എ കാന്‍സര്‍ രോഗ ചികിത്സയ്ക്ക് 2012ല്‍ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ 15 ലക്ഷവും 2013ല്‍ അമേരിക്കയിലെ സ്ലോള്‍ ക്ലെറ്ററിംഗ് കാന്‍സര്‍ ക്ലിനിക്കില്‍ 1.74 കോടിയും രൂപയാണ് ചെലവാക്കിയത്. ഇതിന്റെ തുടര്‍ചികിത്സയ്ക്കും മരുന്നിനും മറ്റുമായി 42,000 രൂപ 2014ലും ചെലവാക്കി.

ചികിത്സാചെലവായി സമര്‍പ്പിക്കുന്ന ബില്ലുകളിലെ മുഴുവന്‍ തുകയും നല്‍കുന്നതാണ് ഇപ്പോഴത്തെ രീതിയെങ്കിലും വളരെ വലിയ തുകകള്‍ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ മാത്രമേ അനുവദിക്കൂ. സി. ദിവാകരന്‍ എം.എല്‍.എ. തിരുവനന്തപുരത്തെ എം.എല്‍.എ. ഹെല്‍ത്ത് ക്ലിനിക്, കിംസ്, ചെന്നൈയിലെ ഡോ. മോഹന്‍സ് ഡയബറ്റിസ് സെന്റര്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ ചികിത്സകള്‍ക്ക് 12 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്.

സി.എഫ്. തോമസ് 9.47 ലക്ഷം, എം. ഹംസ 7.17 ലക്ഷം, ഇ.പി. ജയരാജന്‍ 6.87 ലക്ഷം, തേറമ്പില്‍ രാമകൃഷ്ണന്‍ 6.53 ലക്ഷം, കെ.ടി. ജലീല്‍ 5.68 ലക്ഷം, ജമീല പ്രകാശം 5.65 ലക്ഷം, എം.പി. അബ്ദുസമദ് സമദാനി 5.57 ലക്ഷം, ബി. സത്യന്‍ 5.57 ലക്ഷം എന്നിങ്ങനെയാണ് എം.എല്‍.എമാരില്‍ ചികിത്സയ്ക്ക് പണം വാങ്ങിയവരില്‍ മുന്നില്‍ നില്‍ക്കുന്നത്.

കാച്ചി സ്വദേശിയായ അഡ്വ. ഡി.ബി. ബിനുവിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എട്ടോളം എം.എല്‍.എ. മാര്‍ ഇതുവരെ പണം വാങ്ങിയിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.