സൂര്യപ്രകാശമില്ലെങ്കിലും മറ്റേതെങ്കിലും ചെറിയ പ്രകാശം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫോട്ടോ ബാറ്ററിയെന്ന അത്ഭുത കണ്ടുപിടുത്ത വുമായി യുവ മലയാളി ഗവേഷകന്‍ ഡോ. മുസ്തഫ

single-img
4 July 2015

Photo Batteriസൂര്യപ്രകാശമില്ലെങ്കില്‍ തന്നെ മറ്റേതെങ്കിലും പ്രകാശം കൊണ്ട് 30 സെക്കന്‍ഡുകൊണ്ട് സ്വയംചാര്‍ജ് ചെയ്യപ്പെടുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന നൂതന ബാറ്ററിയുമായി മലയാളി ഗവേഷകനായ ഡോ.മുസ്തഫ ഒ.ടി. ‘ഫോട്ടോ ബാറ്ററി’യെന്ന് പേരിട്ടിട്ടുള്ള ഈ സങ്കേതം, സൂര്യപ്രകാശമുള്‍പ്പടെ ഏത് പ്രകാശസ്രോതസ്സില്‍നിന്നും സുരക്ഷിതമായി ഊര്‍ജമുത്പാദിപ്പിക്കാന്‍ വഴി തുറക്കുന്നുവെന്നുള്ളതാണ് പ്രത്യേകത.

സോളാര്‍ പാനലിന്റെ സഹായമില്ലാതെ പ്രകാശംകൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഈ അത്ഭുത ബാറ്ററി മുന്നോട്ടുള്ള കാലങ്ങളെ കീഴടക്കുമെന്ന കാര്യം ഉറപ്പാണ്. പൂണെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.മുസ്തഫയും സംഘവും നടത്തിയ ഈ പരീക്ഷണം പുതിയ ലക്കം ‘ജേര്‍ണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി സി’യിലാണ് പ്രസിദ്ധീകരിച്ചത്. ഭാവിയില്‍ സോളാര്‍ സെല്ലുകള്‍ക്ക് ബദലായേക്കാവുന്ന വിദ്യയാണിതെന്നും ലേഖനം പറയുന്നു.

സോളാര്‍ പാനലുകളുടെ സഹായത്തോടെ സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റുകയും അത് ബാറ്ററികളില്‍ സംഭരിച്ച് സൂക്ഷിക്കുകയും ചെയ്യുന്ന സോളാര്‍ സിസ്റ്റം വലിയ ചെലവും, പരിസ്ഥിതി പ്രശ്‌നങ്ങളും, സൗകര്യക്കുറവും, ആയുസ്സില്ലായ്മയും മറ്റ് പരിമിതികളുമുള്ളവയാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന ഒരു കണ്ടുപിടുത്തമാണ് ഫോട്ടോ ബാറ്ററിയിലൂടെ മുസ്തഫ നടത്തിയിരിക്കുന്നത്.

വയനാട് ജില്ലയില്‍ മീനങ്ങാടിയിലെ ഒറ്റക്കംതൊടിയില്‍ വീട്ടില്‍ ഒ.ടി.അബൂബക്കറുടെയും വി. ഫാത്തിമയുടെയും മകനാണ് മുസ്തഫ. സോളാര്‍ സെല്ലിലെ പാനലില്ലാതെ എങ്ങനെ പ്രകാശമുപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാമെന്ന ആലോചനയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്നാണ് മുസ്തഫ പറയുന്നത്. . ചെറിയ വെളിച്ചത്തില്‍ പോലും ചാര്‍ജ് ചെയ്യപ്പെടുന്ന ഫോട്ടോ ബാറ്ററികൊണ്ട് എല്‍.ഇ.ഡി.ലൈറ്റുകള്‍ കത്തിക്കാമെന്നും ചെറുഫാനുകള്‍ കറക്കാമെന്നും ഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞു.

സോളാര്‍ സെല്ലുകളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഫോട്ടോ ബാറ്ററികള്‍ ഭാവിയിലെ താരമാകുമെന്നു തന്നെ വിശ്വസിക്കാം അതിലൂടെ മുസ്തഫയും.