മതിയായേ ഈ അഴിമതി വിരുദ്ധമുന്നണി, പൂഞ്ഞാര്‍ “പുലി”യ്ക്ക് സെക്യുലര്‍ തന്നെ ശരണം

single-img
3 July 2015

pc-georgeകോട്ടയം : പി.സി. ജോര്‍ജ് എം.എല്‍. എയുടെ നേതൃത്തില്‍ ആരംഭിച്ച അഴിമതി വിരുദ്ധമുന്നണി പിരിച്ച് വിടുന്നു. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അരുവിക്കരയിലെ ദയനീയപരാജയത്തെ തുടര്‍ന്നാണ് നടപടി. ജാതിയസംഘടനകളുടെ പിന്തുണയോടെ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ വരാനിരിക്കുന്ന തദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ദയനീയം ആകും സ്ഥിതിയെന്നും പ്രവര്‍ത്തനമേഖല കോട്ടയം ജില്ലയില്‍ വ്യാപിപ്പിക്കണമെന്നുമാണ് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ഉപദേശിക്കുന്നത്. അഴിമതി വിരുദ്ധ മുന്നണി പിരിച്ച് വിട്ട് കോട്ടയം ജില്ല കേന്ദ്രമാക്കി സെക്യൂലറിനെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുവാനാണ് അദേഹത്തിന്റെ തീരുമാനം.

അതേസമയം അരുവിക്കര തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കോട്ടയം കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും പിസി ജോര്‍ജിനെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പെട്ട മുണ്ടക്കയത്ത് യുഡിഎഫുകാര്‍ ജോര്‍ജിന്റെ കോലം കത്തിച്ചു. കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീയിട്ടു നശിപ്പിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ ജോര്‍ജിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.