യു.ഡി.എഫിലേക്കുള്ള കോണ്‍ഗ്രസിന്റേയും വീക്ഷണത്തിന്റേയും ക്ഷണം സി.പി.ഐ പരസ്യമായി തള്ളി

single-img
3 July 2015

kanam-rajendran-Malayalamnewsതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫിലേക്കുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സി.പി.ഐ പരസ്യമായി തള്ളി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയ്ക്കും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിനും വില കല്‍പിക്കുന്നില്ലെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീക്ഷണത്തിന്റെ ക്ഷണം കാനം രാജേന്ദ്രന്‍ സ്‌നേഹപൂര്‍വം നിരസിച്ചത്.

അരുവിക്കരയിലേത് സര്‍ക്കാരിന്റെ വിജയമാണെന്ന് വീക്ഷണം തെറ്റിദ്ധരിക്കരുതെന്ന് കാനം പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണ കൂടത്തിന് അധികാരത്തിലേക്കുള്ള പാത ഒരുക്കിക്കൊടുത്തത് കോണ്‍ഗ്രസ് ആണ്.

കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായ അഴിമതി സ്വജന പക്ഷപാതം വിലക്കയറ്റം എന്നിവയില്‍ മനം മടുത്ത് ജനങ്ങള്‍ ബി ജെ പി ക്ക് വോട്ട് നല്‍കിയത്.  കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്തുടരുന്നത് അഴിമതിയുടെ അതേപാതയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധം അജണ്ടയിലില്ല. മെലിഞ്ഞുപോയെന്ന് സഹതപിക്കുന്നവര്‍ സ്വയം കണ്ണാടി നോക്കാന്‍ കൂടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുവിക്കരയില്‍ തെറ്റു പറ്റിയെങ്കില്‍ ഇടതുപക്ഷം തിരുത്തും. കേരളത്തില്‍ ബി.ജെ.പി ഒരു വലിയ ശക്തിയല്ല. അരുവിക്കരയില്‍ രാജഗോപാല്‍ കൂടുതല്‍ വോട്ടുപിടിച്ചു എന്ന് മാത്രമേയുള്ളൂ. അരുവിക്കരയിലേത് ജനങ്ങളുടെ വിധിയെഴുത്താണ്. അത് മാനിക്കണം. പ്രാഥമികമായി അതാണ് ആദ്യം ചെയ്യേണ്ടത്. തോല്‍വിയുടെ കാരണങ്ങള്‍ സി.പി.ഐ പരിശോധിക്കും. തിരുത്തലുകളെക്കുറിച്ച് എല്‍.ഡി.എഫും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പ്രസ്ഥാനമാണ് സി പി ഐ. അതുകൊണ്ട് അധികാരത്തിന്റെ സുഖത്തെ കുറിച്ച് ദയവു ചെയ്തു തങ്ങളോട് പറയരുതെന്ന് കാനം വ്യക്തമാക്കി. നിലവില്‍ എല്‍ഡിഎഫ് വിടേണ്ട ഒരു സാഹചര്യവും ഇല്ല. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെയുള്ള ശരിയായ ബദല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആണ് എന്ന് സി പി ഐ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐയില്‍ കീഴ്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയ പി.രാമചന്ദ്രന്‍ നായരെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരാള്‍ ഏത് പാര്‍ട്ടിയില്‍ നില്‍ക്കണം എന്നത് അയാളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു കാനത്തിന്റെ മറുപടി. സി.പി.എമ്മില്‍ നിന്ന് ധാരാളം ആളുകള്‍ സി.പി.ഐയിലേക്കും വരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.