ബസില്‍ കൂട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെണ്‍കുട്ടിയുടെ മൂന്ന് കൂട്ടുകാരികള്‍ പിന്‍തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

single-img
2 July 2015

POOVALAN.-200x150

ഇന്നത്തെ പെണ്‍കുട്ടികളോട് കളിക്കരുത്. അവര്‍ ചുമ്മാതെയങ്ങ് വിടില്ല. അതിനുദാഹരണമാണ് തൃശൂര്‍ വടക്കേക്കാട്ടി കഴിഞ്ഞ ദിവസം നടന്ന സംഭവം.

ബസില്‍ വെച്ച് കൂട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ എടപ്പാള്‍ തവനൂര്‍ കാലടി സ്വദേശി കാടുവെട്ടിയില്‍ മുഹമ്മദിനെ (21) പെണ്‍കുട്ടിയുടെ മൂന്ന് കൂട്ടുകാരികള്‍ പിന്‍തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഒരു കോളജ് വിദ്യാര്‍ഥിനിയെ പൊന്നാനിയില്‍ നിന്നു ഗുരുവായൂരിലേക്കു വരികയായിരുന്ന സ്വകാര്യ ബസില്‍ വച്ചു ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി പലവട്ടം പ്രതികരിച്ചിട്ടും അയാള്‍ പിന്‍മാറിയില്ല. സഹികെട്ട പെണ്‍കുട്ടി ഇക്കാര്യം തന്റെ കൂട്ടുകാരികളോട് പറയുകയായിരുന്നു. ഇത് കണ്ട പ്രതി അപകടം മണത്ത് ആശുപത്രി സ്റ്റോപ്പില്‍ ഇറങ്ങി.

ബസില്‍ വെച്ച് പെണ്‍കുട്ടിയില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ കൂട്ടുകാരികള്‍ ഇത് നിസാരമാക്കി കളയാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. ആശുപത്രി സ്‌റ്റേപ്പില്‍ നിന്നും രണ്ടു സ്റ്റോപ്പ് കഴിഞ്ഞ് മണികണ്‌ഠേശ്വരത്ത് അവര്‍ ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ച് ആശുപത്രി സ്റ്റോപ്പിലെത്തുകയായിരുന്നു. അവിടെ ചുറ്റിത്തിരിയുകയായിരുന്ന പ്രതിയെ കയ്യോടെ പിടികൂടിയ ഇവര്‍ കൂട്ടുകാരിയോടു മാപ്പു പറയാന്‍ ആവശ്യശപ്പട്ടു.

എന്നാല്‍ പ്രതി പെണ്‍കുട്ടികളോട് തട്ടിക്കയറുകയാണ് ചെയ്തത്. ഈ സമയം അവിടെയുണ്ടായിരുന്ന സന്തോഷ്, ഷാജി എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. ഈ സമയം വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകര്‍ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ഇതോടെ ചിലര്‍ അറിയിച്ചതനുസരിച്ച് വടക്കേകാട് എസ്‌ഐ സി.ജെ. മുഹമ്മദ് ലത്തീഫിന്റെ നേതൃത്വത്തില്‍ ഉടന്‍ പൊലീസ് എത്തി മുഹമ്മദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അപമാര്യാദയായി പെരുമാറിയതിന് പ്രതിക്കെതിരെ കേസ് എടുക്കുമെന്ന് എസ്‌ഐയുടെ പെണ്‍കുട്ടിക്കും കൂട്ടുകാരികള്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തു.

ഇന്ന് ഇയാള്‍ക്കെതിരെ കണ്ണടച്ചാല്‍ അതൊരു അനുകൂല മനോഭാവമായിക്കണ്ട് ഇയാള്‍ നാളെ വേറൊരുപെണ്‍കുട്ടിയെ ഉപദ്രിവക്കും. അങ്ങനെയൊരവസ്ഥയുണ്ടാകാനതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ബിഎ ഇംഗ്ലിഷ് വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികള്‍ ആവശ്യമെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്കു വരാമെന്നും പോലീസിനെ അറിയിച്ചു.