ആലപ്പുഴയില്‍ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 147 കുടുംബങ്ങള്‍ സി.പി.എം വിട്ട് ബിജെപിയില്‍ ചേരുന്നു

single-img
2 July 2015

harikumar

അടൂര്‍ ഏരിയ കമ്മറ്റിക്ക് കീഴില്‍ പാര്‍ട്ടി അംഗത്വമുണ്ടായിരുന്ന 147 കുടുംബങ്ങള്‍ പത്തനംതിട്ട മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ദീര്‍ഘകാലം സിപിഐ എം അംഗവുമായിരുന്ന വി. ഹരികുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതായി വിവരം. കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന ഹരികുമാര്‍ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിശന തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന.

1995 മുതല്‍ 1999 വരെയുള്ള കാലയളവില്‍ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയായിരുന്ന ഹരികുമാര്‍ സിപിഎം അടൂര്‍ ഏരിയ കമ്മറ്റി അംഗം, സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്റെ അനുയായി എന്നാണ് ഹരികുമാര്‍ അറിയപ്പെട്ടിരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് 2004ല്‍ അടൂര്‍ ഏരിയ കമ്മറ്റി അംഗമായിരിക്കെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ഗള്‍ഫില്‍ ജോലിക്ക് പോയതിനുശേഷം ഹരികുമാറിനെ ജില്ലാ നേതൃത്വം തഴഞ്ഞു തുടങ്ങിയെന്നും 2008ല്‍ ദുബായില്‍ വച്ചുണ്ടായ അപകടത്തേത്തുടര്‍ന്ന് ഹരികുമാര്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി അംഗത്വം തരാന്‍ ജില്ലാകമ്മിറ്റി പരിഗണിച്ചില്ലെന്നും ഹരികുമാര്‍ പറയുന്നു.

പ്രതിസന്ധികള്‍ പലതുണ്ടായിട്ടും എട്ടു വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ത്തന്നെ നില്‍ക്കാന്‍ ശ്രമിച്ചിട്ടും നിരന്തരം പാര്‍ട്ടി അത് നിരസിച്ച സാഹചര്യത്തിലാണ് ഹരികുമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് അറിയുന്നത്. ഹരികുമാറിനെ അനുകൂലിക്കുന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നത്.