ദമനിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്നും പട്ടാപ്പകല്‍ കോടിക്കണക്കിന് രൂപ കവര്‍ന്നു

single-img
1 July 2015

1372685890_Muthoot_FINവാപ്പി(ഗുജറാത്ത്): കേന്ദ്രഭരണ പ്രദേശമായ ദമനിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്ന് പട്ടാപ്പകല്‍ ഒരു കോടി മുപ്പതു ലക്ഷത്തിന്റെ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. തിരക്കേറിയ നാനിദമനിലെ സാഗര്‍ പെട്രോള്‍ പമ്പിന് സമീപത്തുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ കവർച്ച നടത്തിയത് മൂന്നംഗ സംഘമാണ്. രാവിലെ പതിനൊന്നു മണിക്ക് വാഹനത്തില്‍ എത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ സ്ഥാപനത്തിന് ഉള്ളില്‍ കടന്നുചെന്ന് തങ്ങള്‍ പോലീസുകാര്‍ ആണെന്നും പരിശോധനയ്ക്ക് വന്നതാണെന്നും പരിചയപ്പെടുത്തി.

പൊടുന്നനെ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെക്കൊണ്ട് തന്നെ ലോക്കറുകള്‍ തുറപ്പിച്ചശേഷം സ്വര്‍ണം കവരുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ കവര്‍ച്ചയ്ക്ക് ശേഷം ഡി.വി.ആറും മോഷ്ടിച്ചാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്.

രണ്ടുമാസമായി കാവല്‍ക്കാര്‍ ഇല്ലാത്ത ഇവിടെ മാനേജര്‍ അഹമ്മദാബാദില്‍ പരിശീലനത്തിന് പോയ തക്കംനോക്കിയാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. സംഭവം നടന്ന ഉടന്‍ ദമനില്‍ നിന്ന് പുറത്തേക്കുള്ള എല്ലാ വഴികളും അടച്ച് കര്‍ശന വാഹനപരിശോധന നടത്തിയെങ്കിലും കവര്‍ച്ചക്കാരെക്കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ല. ഗുജറാത്ത് പോലീസും അതിര്‍ത്തി റോഡുകളില്‍ പോലീസിനെ വിന്യസിച്ച് തിരച്ചില്‍ നടത്തി.