മത ചിന്തകള്‍ക്കും മുകളില്‍ സോപാന സംഗീതവും ക്ഷേത്രകാര്യങ്ങളും പഠിച്ച് ക്ഷേത്ര ജീവനക്കാരനായി ഒരു ഇസ്ലാം മതവിശ്വാസി

single-img
30 June 2015

Jaushalകൊച്ചി പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തില്‍ ശീവേലിക്കും നടയടച്ചുതുറക്കലിനും മുഴങ്ങികേള്‍ക്കുന്ന സ്വാപാന സംഗീതം ഒരു ഇസ്ലാംമത വിശ്വാസിയുടേതാണ്. ജൗഷല്‍ ബാബു എന്ന മുസ്ലീം മതചിന്തകള്‍ക്കും മുകളില്‍ ക്ഷേത്ര അനുഷ്ഠാന കലയായ സോപാനസംഗീതത്തെ ഉപാസിച്ച് വ്യത്യസ്ഥനാകുകയാണ്.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍വെച്ച് സംസ്ഥാന സര്‍ക്കാര്‍ആദ്യമായി സംഘടിപ്പിച്ച സോപാനസംഗീതോത്സവത്തില്‍ ജൗഷല്‍ ഇത്തവണ സോപാന സംഗീതം അവതരിപ്പിച്ചും ശ്രദ്ധേയനായി. വടക്കന്‍ പറവൂരിലെ കോവില്‍ ഉണ്ണികൃഷ്ണ വാര്യരാണ് സോപാന സംഗീതത്തില്‍ ജൗഷലിന്റെ ഗുരു. നാല് വര്‍ഷമായി ജൗഷല്‍ ശാസ്ത്രീയമായി സോപാനസംഗീതം അഭ്യസിക്കുന്നു.

ക്ഷേത്രാചാരത്തില്‍ മറ്റ് മത വിശ്വാസികള്‍ക്കും സ്ത്രീകള്‍ക്കും കൊട്ടിപ്പാടി സേവയില്‍ വിലക്കുണ്ടെങ്കിലും സോപാനസംഗീതം ക്ഷേത്രബാഹ്യമായതോടെയാണ് എല്ലാ വിഭാഗം സംഗീത പ്രേമികള്‍ക്കും സോപാനസംഗീതം അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുങ്ങിയത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ചെണ്ട, പഞ്ചവാദ്യം എന്നീ മത്സരങ്ങളില്‍ ജൗഷല്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ജൗഷല്‍. ഭവാനീശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ നായരമ്പലം ഉണ്ണിദയാനന്ദന്‍ ആയിരുന്നു ജൗഷലിന്റെ ആദ്യ ഗുരു.

അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനെ കൊട്ടിപ്പാടി സേവയ്ക്കായി ക്ഷേത്രത്തില്‍ നിയോഗിക്കുയും തുടര്‍ന്ന് ക്ഷേത്ര സംബന്ധിയായ കാര്യങ്ങള്‍ ജൗഷല്‍ ഹൃദ്യസ്ഥമാക്കുകയുമായിരുന്നു. സോപാന സംഗീതിത്തിന് ഇടയ്ക്ക കൊട്ടുക മാത്രം ചെയ്തിരുന്ന ജൗഷലിനെ പാടാന്‍ നിര്‍ദേശിച്ചത് സോപാന സംഗീത വിദഗ്ദനായ ഞെരളത്ത് ഹരിഗോവിന്ദനായിരുന്നു.