യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കാൻ കാരണം അരുവിക്കരയിലെ 25 ശതമാനം ആളുകള്‍ പത്രം വായിക്കാത്തത് കൊണ്ട്- പി.സി. ജോര്‍ജ്ജ്

single-img
30 June 2015

pc-george-media.jpg.image.576.432തിരുവനന്തപുരം: അരുവിക്കരയിലെ ആളുകള്‍ പത്രം വായിക്കാത്തതിനാലാണ് യുഡിഎഫ് ജയിച്ചതെന്ന് പി.സി. ജോര്‍ജ്ജ്. അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിടുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് പോയ സാഹചര്യം വിശദീകരിക്കുന്നതിനായി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കരയിലെ 25 ശതമാനം ആളുകള്‍ പത്രം വായിക്കാത്തവരാണ്. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. അരുവിക്കരയില്‍ നിര്‍ണായക സ്വാധീനമുള്ള നാടാര്‍ സമൂഹം ബിജെപിയെ ഇഷ്ടപ്പെടുന്നവരല്ല. ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമോ എന്ന സംശയം തോന്നിയതിനാല്‍ നാടാര്‍ സമൂഹം ഒന്നാകെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്നും ജോർജ് പറഞ്ഞു.

സിപിഐഎമ്മിന്റെ വോട്ടു ചോര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ആ പാര്‍ട്ടി അന്വേഷിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതായിരിക്കും. ഏറ്റവും അധികം വോട്ടു ചോര്‍ച്ച ഉണ്ടായത് സിപിഐഎമ്മിന്റെ വോട്ടു ബാങ്കില്‍നിന്നാണെന്നും പി.സി പറഞ്ഞു.

ജനങ്ങള്‍ അംഗീകാരം നല്‍കാത്ത ഒരു സംഘടന രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതില്‍ ഔചിത്യമില്ല എന്ന തോന്നലുകൊണ്ടാണ് എസിഡിഎഫിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ല. മറ്റുള്ളവരുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനകം തീരുമാനം കൈക്കൊള്ളുമെന്നും പി.സി.ജോർജ് പറഞ്ഞു.