അവതാരകന്‍ ജോണ്‍ ബ്രിട്ടാസുമായുള്ള പന്തയത്തിൽ തോറ്റ പിസി ജോർജിന് 5000 രൂപ നഷ്ടം

single-img
30 June 2015

pc-georgeതിരുവനന്തപുരം:  മുന്‍സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് പന്തയത്തിൽ തോറ്റു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് പിസി ജോർജ് കൈരളി പീപ്പിള്‍ ചാനലിന്റെ തത്സമയ ചര്‍ച്ചാ പരിപാടിയില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസുമായാണ് പന്തയം വെച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ. ദാസിന് പതിനായിരം വോട്ടു ലഭിക്കുമെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പന്തയം.

അത്രയും വോട്ട് കിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബ്രിട്ടാസ് പറഞ്ഞതോടെയാണു തര്‍ക്കം തുടങ്ങിയത്. ബ്രിട്ടാസിന്റെ വാദത്തെ എതിര്‍ത്ത പി.സി. ജോര്‍ജ് 5000 രൂപയ്ക്ക് പന്തയം വെയ്ക്കാമെന്ന് പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. അജിത്കുമാറിനെ ഇരുവരും വിളിച്ച് തുക ഏല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍, ഇന്ന് 11.30 ഓടെ 155 ടേബിളുകളിലെയും വോട്ട് എണ്ണി കഴിഞ്ഞിട്ടും 1197 വോട്ട് നേടാന്‍ മാത്രമാണ് കെ. ദാസിന് സാധിച്ചത്. പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ടു നേടിയത് നോട്ടയാണ്. ദാസിന് തെരെഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും തിരിച്ചു കിട്ടാനുള്ള വോട്ട് കിട്ടിയില്ല. ഈ തെരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനമുണ്ടാക്കുമെന്ന് പി.സി. ജോര്‍ജ് നിരന്തരം അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് കെ.ദാസ്. വിഎസ്ഡിപിയും നാടാര്‍ സമുദായത്തിന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നുമായിരുന്നു ജോര്‍ജ്ജിന്റെ അവകാശവാദങ്ങള്‍. എന്നാല്‍, ഫലം വന്നപ്പോള്‍ അവകാശവാദങ്ങള്‍ എല്ലാ പൊള്ളയാണെന്ന് തെളിഞ്ഞു.

ജനഹിത പരിശോധന നടത്തിയശേഷം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയാണ് കെ. ദാസ്. ജനങ്ങളുടെ ഇഷ്ടമറിയാന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 8,000 പേര്‍ വോട്ടുചെയ്തു. ഇതില്‍ 5,400 പേരും ദാസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ. ദാസിനെ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാക്കിയത്. പിന്തുണയ്ക്കുന്നുണ്ടെന്ന് പി.സി. ജോര്‍ജ് അവകാശപ്പെട്ട വിഎസ്ഡിപിക്കാര്‍ പോലും മറുകണ്ടം ചാടി വോട്ടുകുത്തി എന്ന് വേണം കരുതാന്‍.