രാജസ്ഥാനില്‍ 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ 30 മണിക്കൂര്‍ കുടുങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി

single-img
29 June 2015

rajastan-search.jpg.image.784.410രാജസ്ഥാനില്‍ 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ 30 മണിക്കൂര്‍ കുടുങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചുവരുന്നു.

രാജസ്ഥാനില്‍ സിഖാര്‍ ജില്ലയിലെ കര്‍ഷകന്റെ മകള്‍ സുനിതയാണ് ശനിയാഴ്ച രാവിലെ ഒമ്പതിന് കുഴല്‍ക്കിണറ്റില്‍ വീണത്. പ്രായത്തിനനുസരിച്ചുള്ള മാനസിക വികാസം നേടാത്ത കുട്ടിയായിരുന്നു സുനിത. സൈനികരുടെ നേതൃത്വത്തില്‍ സമാന്തര കിണര്‍ നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നോടെ കുട്ടിയെ പുറത്തെടുത്തു. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മിനാരായണ്‍ സോണി അറിയിച്ചു.

മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയായതിനാല്‍ വേണ്ടതുപോലെ സംസാരിക്കാന്‍ സുനിതയ്ക്ക് കഴിയുമായിരുന്നില്ലെന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലന്‍സും ഒപ്പം വൈ ദ്യസഹായത്തിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ശ്വസന തടസമുണ്ടാകാതിരിക്കാന്‍ ഓക്‌സിജന്‍ കുഴലുകള്‍ അമ്പതടി താഴ്ചയിലേക്ക് ഇറക്കിയിരുന്നു. ഒരുദിവസത്തിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടന്ന സുനിതയെ പുറത്തെടുക്കുമ്പോല്‍ തീരെ അവശനിലയിലായിരുന്നു.

ഇതേസമയം, ബിഹാറിലെ പട്‌നയ്ക്കു സമീപം കുഴല്‍ക്കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരി ബബിത മരിച്ചു. നാലു മണിക്കൂറിനുള്ളില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞെങ്കിലും കുട്ടിയുടെ രക്ഷിക്കാനായില്ല. 15 അടി ആഴമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തീരെ പ്രാണവായു ലഭിക്കാതിരുന്നതാണ് കുട്ടിയുടെ മരണം വേഗത്തിലാക്കിയതെന്ന് പോലീസ് അറിയിച്ചു.