മുസ്ലീം പെണ്‍കുട്ടികളെ തലയില്‍ തട്ടമിടാനും വെള്ളിയാഴ്ച ദിനം ഉച്ചയ്ക്ക് സ്‌പെഷ്യല്‍ ക്ലാസ് വെച്ച് ആണ്‍കുട്ടികളെ പള്ളിയില്‍ പോകാനും സമ്മതിക്കാത്ത തിരുവനന്തപുരത്തെ ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളിനെതിരെ ജനകീയ സമരം

single-img
29 June 2015

DSC_0208മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നുവെന്നാരോപിച്ച തിരുവനന്തപുരത്തെ ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളിനെതിരെ നടത്തുന്ന ജനകീയ സമരത്തിനിടെ സംഘര്‍ഷം. വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തിനെ അംഗീകരിക്കാതെ സ്‌കൂള്‍ അടച്ചിടുമെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാടാണ് സംഘര്‍ഷര്‍ഷത്തിന് കാരണമായത്.

തിരുവനന്തപുരം ജില്ലയിലെ മംഗലപുരം കാരമൂട് ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെ സ്‌കൂളിനുള്ളില്‍ തട്ടമിടാന്‍ സമ്മതിക്കുന്നില്ലെന്നാണ് രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്. മാത്രമല്ല കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ന് സര്‍ക്കാര്‍ അനുവാദമില്ലാതെ സ്‌പെഷ്യല്‍ ക്ലാസ് വെച്ച് പള്ളിയില്‍ പോകാനിരുന്ന മുസ്ലീം ആണ്‍കുട്ടികളെ തടസ്സപ്പെടുത്തിയതായും സമരക്കാര്‍ ആരോപിക്കുന്നു.

സ്‌കൂളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വെച്ചുതന്നെ തലയില്‍ നിന്നും തട്ടം മാറ്റാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നതായാണ് സമരക്കാര്‍ പറയുന്നത്. ഒരു സമുദായത്തിനെതിരെയുള്ള മൗലികാവകാശ ലംഘനങ്ങളാണ് സ്‌കൂളില്‍ അരങ്ങേറുന്നതെന്ന് സമരനേതാക്കള്‍ സൂചിപ്പിക്കുന്നു. മുമ്പ് കുട്ടികള്‍ ഇറക്കം കുറഞ്ഞ സ്‌കര്‍ട്ട് മാത്രമേ ധരിക്കാവു എന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന്റെ പേരില്‍ വിവാദമായ സ്‌കൂള്‍ കൂടിയാണ് ബി.പി.എം.

എന്നാല്‍ സ്‌കൂളിന്റെ നിയമാവലിക്ക് ബാധകമായ നിര്‍ദ്ദേശങ്ങള്‍ മാത്രമേ സ്‌കൂള്‍ പുറപ്പെടുവിച്ചിട്ടുള്ളുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. മാത്രമല്ല പുറപ്പെടുവിച്ച ഇത്തരം നടപടികള്‍ പിന്‍വലിക്കില്ല എന്ന തീരുമാനത്തിലുമാണവര്‍. സമരക്കാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും വേണ്ടിവന്നാല്‍ സ്‌കൂള്‍ അടച്ചിടുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

അടുത്ത ദിവസം മംഗലപുരം പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും ജനകീയ സമര മുന്നണിയുമായി ചര്‍ച്ച തീരുമാനിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് സ്‌കൂളിന്റെ തീരുമാനങ്ങളെ നിയമപരമായി നേരിടുമെന്നും സമരക്കാര്‍ പറയുന്നു.