റിക്കോര്‍ഡ് വേഗതയില്‍ പണിപൂര്‍ത്തിയാക്കിയ ചെന്നൈ മെട്രോയുടെ ആദ്യയാത്രയില്‍ ട്രെയിന്‍ നിയന്ത്രിച്ച് പ്രീതിയും ചരിത്രത്തിലേക്ക്

single-img
29 June 2015

preethi-story

ആദ്യ യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത് ഒരു വനിതാ മുഖ്യമന്ത്രി. ആ യാത്ര നിയന്ത്രിച്ചത് ഒരു വനിതാ ലോക്കോ പൈലറ്റും. ചെന്നൈ മെട്രോയാണ് ഈ ഒരു അപൂര്‍വ്വതയിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ഇന്ന് രാവിലെ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിങ് വഴി മുഖ്യമന്ത്രി ജയലളിത ഇന്നു രാവിലെ ചെന്നൈ മെട്രോയ്ക്ക് പച്ചക്കൊടി വീശിയപ്പോള്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ പ്രീതിയായിരുന്നു ലോക്കോ പൈലറ്റിന്റെ സീറ്റിലിരുന്ന് ട്രെയിന്‍ നിയന്ത്രിച്ചത്. പ്രീതിയുടെ ജീവിതാഭിലാഷമാണ് മോട്രോ ട്രെയിനിന്റെ ലോക്കോപൈലറ്റായതിലൂടെ ഇന്ന് പൂര്‍ത്തീകരിച്ചത്.

ഒന്നര വര്‍ഷം മുമ്പ് തന്റെ ജോലി ഉപേക്ഷിച്ച പ്രീതി നീണ്ട പരിശീലനത്തിന് ശേഷമാണ് മെട്രോയുടെ ആദ്യയാത്രയിലൂടെ തന്റെ അഭിലാഷം പൂര്‍ത്തീകരിച്ചത്. തന്റെ മകള്‍ക്ക് ആലന്തൂരില്‍ നിന്നും ആരംഭിച്ച മെട്രോയുടെ ആദ്യയാത്രയില്‍ സാരഥിയാവാന്‍ കഴിഞ്ഞത് പിതാവ് ആര്‍. അന്‍പിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

ആലന്തൂരിനും കോയമ്പേടിനുമിടയിലുള്ള പത്തു കിലോമീറ്റര്‍ ദൂരമാണ് ഇന്ന് മെട്രോ ഓടിത്തുടങ്ങിയത്. ഉച്ചയ്ക്ക് 12.14 ന് ആലന്തൂരില്‍ ആരംഭിച്ച സര്‍വീസ് 12.35ന് കോയമ്പേടിലെത്തി. വീഡിയോ കോണ്‍ഫറന്‍സ് അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ മോട്രോ ആദ്യഘട്ടം കോയമ്പേട്, ചെന്നൈ മൊഫസില്‍ ബസ് ടെര്‍മിനസ്, അരുമ്പാക്കം, വടപളനി, അശോക്‌നഗര്‍, ഈക്കാട്ടുതങ്ങള്‍, ആലന്തൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകള്‍ക്കിടയിലാണ് ഓടുന്നത്.

രാവിലെ അഞ്ചു മുതല്‍ രാത്രി 11.30 വരെ 1,276പേരെ ഉള്‍ക്കൊള്ളുന്ന നാലു കോച്ചുകളുള്ള ഒമ്പതു ട്രെയിനുകളാണ് 10 മിനിറ്റ് ഇടവേളകളിലായി സര്‍വീസ് നടത്തുന്നത്. മെട്രോയുടെ ഉദ്ഘാടനത്തോടെ ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബയ് എന്നീ മെട്രോ റെയില്‍ നഗരങ്ങളുടെ കൂട്ടത്തില്‍ ചെന്നൈയും അംഗമായിരിക്കുകയാണ്.