ബിജെപിയെ പ്രതിരോധത്തിലാക്കി അദ്വാനിയുടെ പ്രതികരണം; രാഷ്ട്രീയ പ്രവര്‍ത്തകന്റെ പൊതുജീവിതം സംശുദ്ധമായിരിക്കണം- എല്‍.കെ.അദ്വാനി

single-img
28 June 2015

VBK-ADVANI_359924fന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തകന്റെ പൊതുജീവിതം സംശുദ്ധമായിരിക്കണമെന്ന് ബിജെപി നേതാവുമായ എല്‍.കെ.അദ്വാനി.  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോദിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നില്‍ക്കുമ്പോഴാണ് ബിജെപിയെ പ്രതിരോധത്തിലാക്കി അദ്വാനിയുടെ പ്രതികരണം. മുന്‍പ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ എംപി സ്ഥാനം രാജിവച്ചത് അദ്വാനി ഓര്‍മിപ്പിച്ചു.

1996ല്‍ എംപിയായിരിക്കെയാണ് ഹവാല ഇടപാടില്‍ അദ്വാനിയുടെ പേരില്‍ ആരോപണം ഉയര്‍ന്നത്. അദ്ദേഹം രാജിവയ്ക്കുകയും പിന്നീട് ഹവാല കേസില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞതിന് ശേഷം 1998ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരിലുള്ള വിശ്വാസം വലിയ ഉത്തരവാദിത്വമാണ്. അതിനാല്‍ തന്നെ പൊതുജീവിതത്തില്‍ സംശുദ്ധത വേണം.  ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തു. ജനങ്ങളോട് കൂറുകാണിക്കുകയെന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

ലളിത് മോദിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് വിഷയത്തിൽ സുഷമ സ്വരാജിന്റേയും വസുന്ധരെ രാജെയുടേയും രാജിക്കായി പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് അദ്വാനി പറഞ്ഞത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ താന്‍ ഇല്ല. അതിനാല്‍ തന്നെ കൂടുതലൊന്നും പറയാനില്ലെന്നും അദ്വാനി പറഞ്ഞു. അഴിമതി അരോപണങ്ങള്‍ വന്ന സമയത്ത് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയും രാജിവച്ചിരുന്നുവെന്ന് അദ്വാനി പറഞ്ഞു.